കൂത്തുപറമ്പ്: അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥയാണ് നമ്മുടെ നാട്ടിലിപ്പോഴെന്ന് നടന്‍ ശ്രീനിവാസന്‍.
സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞാല്‍ ആക്രമണങ്ങള്‍ ഭയക്കേണ്ട സ്ഥിതി. സഹപ്രവര്‍ത്തകനായ ദിലീപിനെപ്പറ്റി അഭിപ്രായം പറഞ്ഞതിനാണ് വീടിന് കരിഓയില്‍ ഒഴിച്ചത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ ജീവിക്കുന്നത് ബുദ്ധിമുട്ടാണ്. നിര്‍മലഗിരി കോളേജിലെ 1973-76 ബാച്ചിന്റെ വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആക്രമണത്തിനിരയായ നടിയോട് തനിക്കിപ്പോഴും അനുഭാവമാണുള്ളത്. വേദനിപ്പിക്കുന്ന സംഭവമുണ്ടായപ്പോള്‍ ആദ്യം നടിയെ വിളിച്ചന്വേഷിച്ചതിലൊരാള്‍ ഞാനായിരുന്നു. എന്നാല്‍ ദിലീപുമായും ഏറെ നാളത്തെ ബന്ധമാണുള്ളത്. ഞാനറിയുന്ന ദിലീപ് അങ്ങനെ ചെയ്യില്ലെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. അങ്ങനെ തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു.
സൗന്ദര്യവും സാമ്പത്തിക ശേഷിയുമില്ലാതിരുന്ന താന്‍ ഏറെ കഷ്ടപ്പെട്ടാണ് സിനിമയില്‍ പിടിച്ചു നിന്നത്. ആദ്യകാലത്ത് സംവിധായകരില്‍ പലരും തന്നെനോക്കി പരിഹസിച്ചവരാണ്. എന്നാല്‍ പിന്നീട് അവരുടെ പേരിലുള്ള അവാര്‍ഡുകള്‍ വാങ്ങാന്‍ സാധിച്ചു. ഓരോ സിനിമയുടെ വിജയത്തിന് പിന്നിലും വളരെ കഷ്ടപ്പാടാണുള്ളത്. കമ്മട്ടിപ്പാടം പോലുള്ള സിനിമയിലൂടെ വിനായകനെപ്പോലുള്ളവര്‍ ആദരിക്കപ്പെടുമ്പോള്‍ താനാണ് ഏറെ സന്തോഷിക്കുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു.