നടൻ മോഹൻലാലും ശ്രീനിവാസനും തമ്മിൽ പഴയ സൗഹൃദം ഇപ്പോഴില്ലന്നത് മലയാള സിനിമാലോകത്തെ പരസ്യമായ രഹസ്യമാണ്.
2012 -ൽ പുറത്തിറങ്ങിയ ശ്രീനിവാസൻ നായകനായ ‘പത്മശ്രീ സരോജ് കുമാർ’ എന്ന സിനിമയിലൂടെ മോഹൻലാലിന് മന:പൂർവം ‘പണി’ കൊടുക്കാൻ ശ്രീനിവാസൻ ശ്രമിച്ചതാണ് ഉടക്കിന്റെ മൂലകാരണം. ഇതേ തുടർന്ന് മോഹൻലാൽ ഫാൻസിന്റെ കടുത്ത എതിർപ്പ് ശ്രീനിവാസന് നേരിടേണ്ടിയും വന്നിരുന്നു.
എന്നാൽ എതിർപ്പ് വകവയ്ക്കാതെ കിട്ടുന്ന അവസരത്തിലൊക്കെ ലാലിനെ ട്രോളുന്നത് ശ്രീനിവാസൻ തുടർന്നു പോന്നു. മോഹൻലാലിന്റെ ആനക്കൊമ്പ് വിവാദത്തിലും കേണൽ പദവിയിലും ശ്രീനിവാസൻ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നതും അനിഷ്ടം അകത്തുള്ളത് കൊണ്ട് തന്നെ ആയിരുന്നു.
2010-ൽ പുറത്തിറങ്ങിയ ‘ഒരു നാൾ വരും’ എന്ന സിനിമക്കു ശേഷം ലാൽ – ശ്രീനിവാസൻ കൂട്ടുകെട്ടിൽ മറ്റൊരു സിനിമയും ഇതുവരെ പുറത്ത് വന്നിട്ടില്ല. നാടോടിക്കാറ്റ് മുതൽ മലയാള സിനിമക്ക് ഒരിക്കലും നിഷേധിക്കാൻ കഴിയാത്ത അത്രയും സൂപ്പർ ഹിറ്റ് സിനിമകൾ ചെയ്ത കൂട്ടുകെട്ടാണ് ഇതെന്ന് ഓർക്കണം.
പരസ്പരമുള്ള ഉടക്കിന് തന്റെ തൂലികയിലൂടെ ‘പണി’ കൊടുക്കുന്ന ഏർപ്പാടാണ് ഇപ്പോൾ വീണ്ടും ശ്രീനിവാസൻ ചെയ്തിരിക്കുന്നത്.
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ശ്രീനിവാസൻ തിരക്കഥയെഴുതി അഭിനയിച്ച ‘ഞാൻ പ്രകാശനിൽ’ പരോക്ഷമായാണെങ്കിലും രൂക്ഷമായാണ് മോഹൻലാലിനെ വിമർശിക്കുന്നത്.
നായകനായ പ്രകാശൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ അത്യവശ്യമായ ഒരു കാര്യത്തിന് ശ്രീനിവാസൻ അവതരിപ്പിക്കുന്ന ഗോപാൽജി എന്ന കഥാപാത്രത്തോട് ഭാര്യയുടെ ആഭരണം പണയം വയ്ക്കാൻ ചോദിക്കുന്ന ഒരു രംഗമുണ്ട്.ഇതിന് ശ്രീനിവാസൻ നൽകിയ മറുപടിയാണ് ലാലിന് പ്രഹരമേൽപ്പിച്ചിരിക്കുന്നത്.
ആഭരണം കൊടുക്കാൻ വിസമ്മതിക്കുന്ന ശ്രീനിവാസനോട് ‘വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിന് ‘ എന്ന പരസ്യം നായകൻ ഓർമ്മപ്പെടുത്തുമ്പോൾ അത് ചെയ്തയാളുടെ വീട്ടിൽ പോയി ചോദിക്ക് എന്നാണ് പരിഹാസരൂപത്തിൽ ശ്രീനിവാസൻ അവതരിപ്പിക്കുന്ന കഥാപാത്രം മറുപടി നൽകിയത്.
മണപ്പുറം ഫിനാൻസിനു വേണ്ടി ബ്രാൻഡ് അംബാസിഡറായ മോഹൻലാൽ അഭിനയിച്ച പരസ്യചിത്രത്തിലെ ഈ വാചകങ്ങൾ മലയാളിയെ സംബന്ധിച്ച് ഏറെ സുപരിചിതമാണ്. അതു കൊണ്ടു തന്നെ മോഹൻലാലിനെതിരായ വിമർശനമായി തന്നെയാണ് ഈ ദൃശ്യത്തെ പ്രേക്ഷകരും ഇപ്പോൾ നോക്കി കാണുന്നത്.
ഈ ഒരു സീനിലെ കല്ലുകടി മാറ്റി നിർത്തിയാൽ പൊതുവെ ഒരു മികച്ച സിനിമ തന്നെയാണ് ഞാൻ പ്രകാശൻ എന്നത് നിസംശയം പറയാം.
അടുത്ത കാലത്തൊന്നും മലയാള സിനിമ നേടാത്ത തരത്തിലുള്ള വമ്പൻ കളക്ഷനിലേക്കാണ് സിനിമ ഇപ്പോൾ കുതിക്കുന്നത്. ആകാശദൂതിനു ശേഷം കുടുംബപ്രേക്ഷകരെ കണ്ണീരിലാഴ്ത്തുന്ന സിനിമ കൂടിയാണിത്.
പാടത്ത് പണിയെടുക്കാൻ മലയാളികളെ കിട്ടാത്ത സാഹചര്യത്തിൽ പകരം ബംഗാളികളെ ഇറക്കേണ്ടി വരുന്ന ദയനീയ അവസ്ഥ സിനിമയിൽ അവതരിപ്പിച്ചത് പ്രേക്ഷകരെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ബംഗാളിൽ ഇടതു ഭരണം തകർന്നതോടെ ഇപ്പോൾ ബംഗാളികളെ കിട്ടാനില്ലന്ന് പരിഹസിച്ചതും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ പേര് അസ്ഥാനത്ത് വലിച്ചിഴച്ചതുമെല്ലാം മന: പൂർവ്വമെന്നതും വ്യക്തമാണ്.
സന്ദേശം എന്ന എക്കാലത്തെയും പ്രസക്തമായ മികച്ച രാഷ്ട്രീയ സിനിമക്ക് തിരക്കഥ എഴുതിയ ശ്രീനിവാസൻ ഈ സിനിമയിലും രാഷ്ട്രീയ പാർട്ടികളെ വിമർശിക്കാനുള്ള അവസരങ്ങൾ പാഴാക്കിയിട്ടില്ല.
സത്യൻ അന്തിക്കാടിന്റെ സമീപകാല സിനിമകളിൽ സാങ്കേതികമായി മികച്ച നിലവാരം പുലർത്തുന്ന സിനിമ കൂടിയാണ് ‘ഞാൻ പ്രകാശൻ’
ഫഹദ് ഫാസിലിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റാകാൻ പോകുന്നതും ഈ സിനിമ തന്നെ ആയിരിക്കും. അക്കാര്യം ഉറപ്പാണ്.