sreenivasan statement

sreenivasan

കൊച്ചി : അവയവദാനത്തിനെതിരെ പ്രസ്താവന നടത്തിയത് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് നടന്‍ ശ്രീനിവാസന്‍. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം എറണാകുളം പ്രസ്‌ക്ലബ്ബിലാണ് അവയവദാനം തട്ടിപ്പാണെന്നു നടന്‍ ശ്രീനിവാസന്‍ പറഞ്ഞത്. ”ഹെലികോപ്റ്ററില്‍ ഹൃദയം കൊണ്ടുവന്നതിനു വാര്‍ത്താ പ്രാധാന്യം കിട്ടിയെന്നും ആ വ്യക്തി ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്നു”മായിരുന്നു ശ്രീനിവാസന്റെ വാക്കുകള്‍.

എന്നാല്‍ ഇതിനു പിന്നാലെ ശ്രീനിവാസനു മറുപടിയുമായി, ഹൃദയം മാറ്റിവച്ചശേഷം ജീവിതം നയിക്കുന്ന ചാലക്കുടി സ്വദേശി മാത്യു അച്ചാടന്‍ തന്നെ രംഗത്തെത്തിയിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അച്ചാടന്‍ ശ്രീനിവാസനു മറുപടി നല്‍കിയത്.

എയര്‍ ആംബുലന്‍സില്‍ തിരുവനന്തപുരത്തു നിന്നു കൊച്ചിയിലെത്തിച്ച നീലകണ്ഠ ശര്‍മയുടെ ഹൃദയം 15 മാസത്തിനു ശേഷവും തന്നില്‍ സ്പന്ദിക്കുന്നുണ്ടെന്നായിരുന്നു മാത്യു സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്.

ലിസി ആശുപത്രിയില്‍ അന്ന് ഹൃദയം സ്വീകരിച്ചയാള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്നു തിരക്കി നോക്കണം എന്നു പരിഹസിച്ചതു തന്നെ കുറിച്ചാണെന്നും മാത്യു പോസ്റ്റില്‍ പറഞ്ഞിരുന്നു.

ഏതു നിമിഷവും ജീവന്‍ നഷ്ടപ്പെടുമെന്ന ഭീതിയില്‍ കഴിഞ്ഞിരുന്ന താന്‍ ഇപ്പോള്‍ സാധാരണ ജീവിതം നയിക്കുകയാണെന്നും ഓട്ടോറിക്ഷ ഓടിച്ചു സ്വന്തം കാര്യങ്ങള്‍ ചെയ്യുന്നുവെന്നും മാത്യു വ്യക്തമാക്കിയിരുന്നു.

അവയവദാനത്തിനു വലിയ പ്രാധാന്യവും പ്രോല്‍സാഹനവും ലഭിക്കുന്ന കാലത്ത് അതിനെ നിരുല്‍സാഹപ്പെടുത്തുന്ന രീതിയില്‍ പൊതുസ്വീകാര്യനായ ഒരാള്‍ പറയുന്നതു സങ്കടകരമാണെന്നും അദ്ദേഹം കുറിച്ചിരുന്നു.

മരണത്തിനു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോഴും മക്കള്‍ക്ക് അവയവങ്ങള്‍ ദാനം ചെയ്യുന്ന മാതാപിതാക്കളുടെ നാടാണിതെന്നും നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തി കരുണ വറ്റാത്ത മനസ്സുകളിലെ പ്രകാശം ഊതിക്കെടുത്തരുതെന്നും മാത്യു അച്ചാടന്‍ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

Top