കരിഓയില്‍ മുഴുവനായി ഒഴിച്ചതാണെങ്കില്‍ ഒരു വര്‍ഷത്തെ പെയിന്റിംഗ് ജോലി ലാഭമായേനെ ശ്രീനിവാസന്‍

കൊച്ചി : വീടിനുനേരെ അജ്ഞാതര്‍ കരിഓയില്‍ പ്രയോഗം നടത്തിയതില്‍ പൊലീസിന് പരാതി നല്‍കാനില്ലെന്ന് നടന്‍ ശ്രീനിവാസന്‍.

കരിഓയില്‍ ഒഴിച്ചത് ആരായാലും അവര്‍ പെയിന്റിംഗ് ജോലി അറിയാവുന്നവരാണെന്നും മുഴുവനായി ചെയ്തിരുന്നെങ്കില്‍ ഒരു വര്‍ഷത്തെ പെയിന്റിംഗ് ജോലി ലാഭമായേനെയെന്നും ശ്രീനിവാസന്‍ പരിഹസിച്ചു.

ഒഴിക്കുമ്പോള്‍ മുഴുവനായി ചെയ്തുകൂടേ എന്നാണ് അത് ചെയ്തവരോട് ചോദിക്കാനുള്ളത്. ഞാനിപ്പോള്‍ എറണാകുളത്താണ് ഉള്ളത്. വിവരം അറിയിച്ചവരോട് അത് തുടയ്‌ക്കേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. കരിഓയില്‍ ഒഴിച്ചതില്‍ ആരെയെങ്കിലും സംശയമുണ്ടെങ്കില്‍ അവരോട് മുഴുവനായി അടിയ്ക്കാന്‍ പറയണമെന്ന് വീട് നോക്കുന്നവരോട് പറഞ്ഞിട്ടുണ്ടെന്നും ശ്രീനിവാസന്‍ പറഞ്ഞു.

ശ്രീനിവാസന്റെ കണ്ണൂര്‍ കൂത്തുപറമ്പ് പൂക്കോടുള്ള വീടിനുനേര്‍ക്കാണ് കരിഓയില്‍ ആക്രമണം നടന്നത്. വീടിന്റെ ഭിത്തിയിലും ഗെയ്റ്റിലും മുറ്റത്തുമാണ് കരിഓയില്‍ ഒഴിച്ചിരുന്നത്.

കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അനുകൂലിച്ച് ശ്രീനിവാസന്‍ പ്രസ്താവന നടത്തിയിരുന്നു ഇതിന് പിന്നാലെയായിരുന്നു ആക്രമണം

ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കുമെന്ന് തോന്നുന്നില്ലെന്നും, അതിനാല്‍ തന്നെ അദ്ദേഹം തെറ്റു ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നുമായിരുന്നു ശ്രീനിവാസന്റെ പ്രസ്താവന.

ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെ പിന്തുണച്ച് നേരത്തേയും ശ്രീനിവാസന്‍ രംഗത്ത് എത്തിയിരുന്നു.

Top