ആജീവനാന്തകാല വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുമെന്നാണ് സൂചന.

ഐ.പി.എല്‍ ആറാം സീസണിലെ വാതുവെപ്പ് കേസിനെത്തുടര്‍ന്ന് 2013 ഒക്ടോബര്‍ പത്തിനാണ് ബി.സി.സി.ഐ ശ്രീശാന്തിനെതിരെ വിലക്ക് ഏര്‍പ്പെടുത്തിയത്.

രാജസ്ഥാന്‍ റോയല്‍സിലെ താരമായിരുന്ന ശ്രീശാന്തിനെ പഞ്ചാബ് കിംഗ്‌സ് ഇലവനുമായി നടന്ന മത്സരത്തില്‍ വാതുവെപ്പിന് വിധേയനായി കളിച്ചെന്ന് കണ്ടെത്തി 2013 മേയ് 16 ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് ബി.സി.സി.ഐ അച്ചടക്ക നടപടിയെടുത്തത്.

ഈ കേസില്‍ പട്യാല അഡി. സെഷന്‍സ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും ബി.സി.സി.ഐ വിലക്ക് നീക്കിയില്ല. ഇതിനെതിരെ ശ്രീശാന്ത് നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിലക്ക് നീക്കിയിരുന്നു.

ഈ വിധിയെ ചോദ്യം ചെയ്ത് ബി.സി.സി.ഐ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന് സമര്‍പ്പിച്ച അപ്പീലിലാണ് താരത്തിനെതിരെയുള്ള വിലക്ക് ശരിവച്ചത്. ഇതിനെതിരെയാണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.

Top