കൊച്ചി: ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ബി.ജെ.പി ശ്രമം. ഇക്കാര്യം ആവശ്യപ്പെട്ട് ശ്രീശാന്തിന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ സന്ദേശമയച്ചു. നാളെ തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷായുമായി കൂടിക്കാഴ്ച നടത്താനും ശ്രീശാന്തിനോട് ആവശ്യപ്പെട്ടു. നാളെ നടക്കുന്ന ചര്‍ച്ചക്ക് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
അമിത്ഷായുടെ നിര്‍ദേശത്തോട് ശ്രീശാന്ത് വിസമ്മതം അറിയിച്ചിട്ടില്ല. കുടുംബാംഗങ്ങളുമായി ആലോചിച്ചശേഷം മറുപടി നല്‍കാമെന്ന് ശ്രീശാന്ത് ബി.ജെ.പി നേതൃത്തെ അറിയിച്ചു. തൃപ്പൂണിത്തുറ, എറണാകുളം മണ്ഡലങ്ങളിലൊന്നിലാകും ശ്രീയെ മത്സരിപ്പിക്കുക. ബി.ജെ.പി അനുഭാവിയായ ശ്രീശാന്ത് കേരളത്തില്‍ ഇതുവരെ പാര്‍ട്ടി പൊതുപരിപാടികളില്‍ പങ്കെടുത്തിട്ടില്ല. ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരിയുടെ കുടുംബം മധ്യപ്രദേശ് ബി.ജെ.പി നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്.