ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു ജയം. 4 റണ്‍സിനാണ് ഹൈദരാബാദിന്റെ ജയം. ഹൈദരാബാദ് മുന്നോട്ടുവച്ച 142 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബാംഗ്ലൂരിന് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് മാത്രമേ എടുക്കാന്‍ സാധിച്ചുള്ളൂ. 41 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലാണ് ആര്‍സിബിയുടെ ടോപ്പ് സ്‌കോറര്‍. ഗ്ലെന്‍ മാക്‌സ്വല്‍ 40 റണ്‍സെടുത്തു. ഹൈദരാബാദിനു വേണ്ടി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് വീഴ്ത്തി.
താരതമ്യേന കുറഞ്ഞ വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവറില്‍ തന്നെ വിരാട് കോലി (5) ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി. മൂന്നാം നമ്പറിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചെത്തിയ ഡാനിയല്‍ ക്രിസ്റ്റ്യന്‍ (1) സിദ്ധാര്‍ത്ഥ് കൗളിന്റെ പന്തില്‍ കെയിന്‍ വില്ല്യംസണു ക്യാച്ച് സമ്മാനിച്ച് മടങ്ങി. ഒരു ബൗണ്ടറിയും സിക്‌സറുമായി മികച്ച രീതിയില്‍ തുടങ്ങിയ ശ്രീകര്‍ ഭരത് ഉമ്രാന്‍ മാലിക്കിന്റെ ആദ്യ ഐപിഎല്‍ വിക്കറ്റായി പവലിയനിലെത്തി. ഭരതിനെ വൃദ്ധിമാന്‍ സാഹ പിടികൂടുകയായിരുന്നു.
നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ദേവ്ദത്ത്-മാക്‌സ്വല്‍ സഖ്യമാണ് ബാംഗ്ലൂരിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ടൈമിങ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ദേവ്ദത്തിനെ ഒരു വശത്ത് നിര്‍ത്തി മാക്‌സ്വല്‍ സ്‌കോറിംഗ് ചുമതല ഏറ്റെടുത്തു. 54 റണ്‍സാണ് ഈ സഖ്യം നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഒടുവില്‍ കെയിന്‍ വില്ല്യംസണിന്റെ ഒരു തകര്‍പ്പന്‍ ഏറില്‍ മാക്‌സ്വല്‍ (40) റണ്ണൗട്ടായി മടങ്ങി. ഏറെ വൈകാതെ റാഷിദ് ഖാന്റെ പന്തില്‍ അബ്ദുല്‍ സമദിനു പിടികൊടുത്ത് ദേവ്ദത്ത് പടിക്കലും പുറത്തായി. 52 പന്തുകള്‍ നേരിട്ട് 41 റണ്‍സ് നേടിയാണ് ദേവ്ദത്ത് മടങ്ങിയത്.
അവസാന ഓവറുകളില്‍ ചില ബൗണ്ടറികള്‍ നേടിയ ഷഹബാസ് അഹ്‌മദാണ് ഒടുവില്‍ ബാംഗ്ലൂരിനെ വിജയത്തിനരികെ എത്തിച്ചത്. 9 പന്തുകളില്‍ 14 റണ്‍സ് നേടിയ ഷഹബാസിനെ 19ആം ഓവറില്‍ ജേസന്‍ ഹോള്‍ഡര്‍ കെയിന്‍ വില്ല്യംസണിന്റെ കൈകളിലെത്തിച്ചു. അവസാന ഓവറില്‍ 13 റണ്‍സായിരുന്നു ആര്‍സിബിയുടെ വിജയലക്ഷ്യം. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ഓവറിലെ അവസാന പന്തില്‍ വിജയിക്കാന്‍ 6 റണ്‍സ് വേണ്ടിയിരിക്കെ സിംഗിള്‍ എടുക്കാനേ ബാംഗ്ലൂരിനു സാധിച്ചുള്ളൂ.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 141 റണ്‍സ് ആണ് നേടിയത്. 44 റണ്‍സെടുത്ത ജേസന്‍ റോയ് ആണ് ഹൈദരാബാദിന്റെ ടോപ്പ് സ്‌കോറര്‍. ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണ്‍ 31 റണ്‍സെടുത്തു. ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍ മൂന്നും ഡാനിയല്‍ ക്രിസ്റ്റ്യന്‍ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.