ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേര രാജസ്ഥാന്‍ റോയല്‍സില്‍. മാനസികാരോഗ്യം പരിഗണിച്ച് ഐപിഎലില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനു പകരക്കാരനായാണ് രാജസ്ഥാന്‍ റോയല്‍സ് ശ്രീലങ്കന്‍ വെറ്ററനെ ടീമില്‍ എത്തിച്ചിരിക്കുന്നത്. ഇക്കാര്യം രാജസ്ഥാന്‍ റോയല്‍സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തിസാര പെരേര തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇക്കാര്യം ഉറപ്പിക്കുന്നതിനുള്ള സൂചന നല്‍കിയിട്ടുണ്ട്.
ശ്രീലങ്കന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ലിമിറ്റഡ് ഓവര്‍ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് തിസാര പെരേര. കൊച്ചി ടസ്‌കേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സ് തുടങ്ങി വിവിധ ഐപിഎല്‍ ടീമുകള്‍ക്കായി 32കാരനായ താരം കളിച്ചിട്ടുണ്ട്. 37 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 422 റണ്‍സും 31 വിക്കറ്റുമാണ് പെരേര നേടിയിട്ടുള്ളത്. ലോകത്തിലെ വിവിധ ടി-20 ലീഗുകളിലും പെരേര പാഡണിഞ്ഞിട്ടുണ്ട്.
രണ്ടാം പാദ മത്സരങ്ങള്‍ക്കായി രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്ലറും എത്തില്ല. ഐപിഎലിന്റെ സമയത്ത് തന്നെ കുഞ്ഞിന്റെ ജനനം നടക്കുന്നതിനാലാണ് ബട്ലര്‍ വിട്ടുനില്‍ക്കുക. ന്യൂസീലന്‍ഡ് യുവ വിക്കറ്റ് കീപ്പര്‍ ഗ്ലെന്‍ ഫിലിപ്‌സ് ബട്ലറിനു പകരക്കാരനായി എത്തും.