ശ്രീലങ്കയില്‍ പാര്‍ലമെന്റിനുള്ളില്‍ അംഗങ്ങളുടെ കൈയാങ്കളി

കൊളംബോ: ഭരണപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ പാര്‍ലമെന്റിനുള്ളില്‍ അംഗങ്ങളുടെ കൈയാങ്കളി. രാജപക്‌സെ അനുകൂലികളും പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അനുകൂലികളും തമ്മിലാണ് ഏറ്റുമുട്ടിയത്. രാജപക്‌സെ അനുകൂലികളില്‍ ചിലര്‍ സ്പീക്കര്‍ കാരു ജയസൂര്യയ്ക്കുനേരെ ചവറ്റുകുട്ടയും വെള്ളക്കുപ്പികളും വലിച്ചെറിഞ്ഞു.

പിടിവലിക്കിടെ അംഗങ്ങളില്‍പലരും നിലത്തുവീണു. സ്പീക്കറില്‍നിന്ന് മൈക്രോഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നതിനിടെ രാജപക്‌സെ പാളയത്തിലെ എം.പി. ദിലും അമുനുഗാമയുടെ കൈയ്ക്ക് മുറിവേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിച്ചു. നാടകീയരംഗങ്ങളെത്തുടര്‍ന്ന് സഭ പിരിച്ചുവിടുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. ബുധനാഴ്ച അവിശ്വാസപ്രമേയം പരിഗണിക്കുന്നതിനായി ചേര്‍ന്ന പാര്‍ലമെന്റ് വ്യാഴാഴ്ചയാണ് പിരിഞ്ഞത്.

ശ്രീലങ്കയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട നടപടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതോടെ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെക്ക് കഴിഞ്ഞേക്കും. വിക്രമസിംഗയെ പുറത്താക്കിയ പ്രസിഡന്റ് മഹിന്ദ രജപക്ഷെയെ പ്രധാനമന്ത്രിയാക്കിയിരുന്നു. രജപക്ഷെയുടെ പിന്‍വാതില്‍ നിയമനത്തിന് ബലം കിട്ടാനാണ് പ്രസിഡന്റ് മൈത്രിപാല സിരിസേന പാര്‍ലമെന്റ് പിരിച്ചുവിട്ടത്. എന്നാല്‍ കോടതി ഉത്തരവ് ഇരുവര്‍ക്കും തിരിച്ചടിയായി.

വിക്രമസിംഗയെ പുറത്താക്കിയ പ്രസിഡന്റിന്റെ നടപടിക്കെതിരെ പത്ത് ഹര്‍ജികളാണ് സുപ്രീംകോടതിയുടെ മുന്നിലെത്തിയത്. വരുന്ന ജനുവരിയില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രസിഡന്റിന്റെ നീക്കവും സുപ്രീംകോടതി വിലക്കി. 2020ലാണ് പൊതുതിരഞ്ഞെടുപ്പ് നടക്കേണ്ടത്. താന്‍ തന്നെയാണ് പ്രധാനമന്ത്രി എന്നവകാശപ്പെടുന്ന വിക്രമസിംഗ ഇപ്പോഴും ഔദ്യോഗിക വസതിയില്‍ തുടരുകയാണ്

Top