ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: വോട്ടര്‍മാരുമായി പോയ ബസിന് നേരെ വെടിവെയ്പ്

കൊളംബോ: ശ്രീലങ്കിയില്‍ മുസ്ലിം വോട്ടര്‍മാരുമായി പോയ ബസിനു നേരെ വെടിവയ്പ്. തോക്കുധാരികള്‍ ബസിന് നേരെ വെടിവെയ്ക്കുകയും കല്ലെറിയുകയും ചെയ്തു.

കൊളംബോയുടെ വടക്ക് 240 കിലോമീറ്റര്‍ അകലെ തന്ത്രിമാലിയിലാണ് അക്രമം നടന്നത്. വടിവെയ്പില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. സുരക്ഷാസേന ഉടന്‍ തന്നെ സ്ഥലത്തെത്തിയെങ്കിലും ആക്രമികള്‍ രക്ഷപ്പെട്ടു.

അക്രമികള്‍ ടയറുകള്‍ കത്തിച്ചും റോഡില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചും നൂറിലധികം വാഹനങ്ങളുള്ള വ്യൂഹത്തെ തടഞ്ഞ് നിര്‍ത്താനുള്ള ശ്രമം നടത്തിയതായും പോലീസ് പറഞ്ഞു.

അതേസമയം ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടിങ് ആരംഭിച്ചു.12,845 വോട്ടിങ് കേന്ദ്രങ്ങളിലായി 15,992,096 വോട്ടര്‍മാരാണുള്ളത്.നിലവിലെ ഭവന മന്ത്രി സജിത് പ്രേമദാസയും മുന്‍ പ്രതിരോധ സെക്രട്ടറിയും മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷയുടെ സഹോദരനുമായ ഗോതബയ രാജപക്ഷയും തമ്മിലാണ് പ്രധാന പോരാട്ടം.
ശ്രീലങ്കയിലെ ന്യൂനപക്ഷമായ തമിഴ്-മുസ്ലിം വിഭാഗങ്ങളുടെ വോട്ടുകള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്.

Top