കൊളംബോ:കായിക മന്ത്രിയെ പുറത്താക്കി ശ്രീലങ്ക.ശ്രീലങ്കന്‍ ക്രിക്കറ്റില്‍ അനിശ്ചാതവസ്ഥ തുടരുന്നതിനിടെ കായിക മന്ത്രി റോഷന്‍ രണസിംഗയെ പുറത്താക്കിയത്.തിങ്കളാഴ്ച മന്ത്രിസഭ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗ ഒപ്പിട്ട പിരിച്ചുവിടല്‍ കത്ത് കൈമാറിയത്.
ക്രിക്കറ്റ് ബോര്‍ഡില്‍ അഴിമതി തുടച്ചു നീക്കാന്‍ ശ്രമിച്ച തന്റെ ജീവന്‍ അപകടത്തിലാണെന്ന് റോഷന്‍ രണസിംഗ ആരോപിച്ചതിന് പിന്നാലെയാണ് പ്രസിഡന്റിന്റെ നടപടി. അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ജലസേചന വകുപ്പ് ഉള്‍പ്പെടെ അടിയന്തര പ്രാബല്യത്തോടെ നീക്കിയതായി കത്തില്‍ പറയുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ വിലക്കുകള്‍ നിലനില്‍ക്കുന്നതിനിടെ മന്ത്രിസഭയിലെ മാറ്റം ആശ്വാസകരമാകുമെന്ന പ്രതീക്ഷയിലാണ് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്.
ലോകകപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെയാണ് ശ്രീലങ്കന്‍ ക്രിക്കറ്റിലെ പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ( എസ്.എല്‍.സി) ഭരണസമിതിയെ പുറത്താക്കുകയും ഇടക്കാല കമ്മിറ്റിയുടെ തലവനായി മുന്‍ ക്രിക്കറ്റ് ടീം നായകന്‍ അര്‍ജുന രണതുംഗയെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അപ്പീല്‍ കോടതി ഒരു ദിവസത്തിനകം അത് പഴയ ഭരണ സമിതിയെ പുനഃസ്ഥാപിക്കുകയായിരുന്നു.
എന്നാല്‍, രാജ്യത്തിന്റെ ക്രിക്കറ്റ് ഭരണസമിതിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കന്‍ പാര്‍ലമെന്റ് ഏകകണ്ഠമായി പ്രമേയം പാസാക്കിയതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെടലിന് കാരണമായതോടെ, അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ശ്രീലങ്കയെ സസ്‌പെന്‍ഡ് ചെയ്തു. അതോടെ, അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കേണ്ടിയിരുന്ന ഐ.സി.സി അണ്ടര്‍-19 ലോകകപ്പ് ശ്രീലങ്കയില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയിരുന്നു.