കൊളംബോ: ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രാബല്യത്തില്‍ വന്നു. ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരയെ തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ തീരങ്ങളിലും ജാഗ്രത തുടരുകയാണ്.
മരിച്ച ശ്രീലങ്കക്കാരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ഒരു മില്ല്യണ്‍ ശ്രീലങ്കന്‍ രൂപ സഹായ ധനം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവര്‍ക്കുള്ള ആദരസൂചകമായി സര്‍ക്കാര്‍ ഇന്ന് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. 30 വിദേശികളുള്‍പ്പെടെ 290 പേര്‍ക്കാണ് സ്ഫോടനത്തില്‍ ജീവന്‍ നഷ്ടമായത്.
അതേസമയം, ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ ജനതയെ ഭീതിയിലാഴ്ത്തി രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നടന്ന ഭീകരാക്രമണത്തെക്കുറിച്ച് ഇന്ത്യ നേരത്തെ സൂചന നല്‍കിയിരുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തെത്തിയിരുന്നു. ഇന്ത്യ ഭീകരാക്രമണം സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും പക്ഷേ ജാഗ്രത പുലര്‍ത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയാണ് കുറ്റസമ്മതം നടത്തിയത്.
നാഷണല്‍ തൗഹീദ് ജമാഅത്ത് ഓഫ് ശ്രീലങ്കയുടെ സെഹ്റാന്‍ ഹസീമും കൂട്ടാളികളും ചാവേര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് നേരത്തേ സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യ ശ്രീലങ്കയ്ക്ക് കൈമാറുകയും ചെയ്തിരുന്നു.ഏപ്രില്‍ നാലിനാണ് ഭീകരാക്രമണ പദ്ധതിയെ കുറിച്ച് തങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങള്‍ ഇന്ത്യ ശ്രീലങ്കന്‍ സുരക്ഷാ ഏജന്‍സിയെ അറിയിച്ചത്.
പള്ളികളും ആഢംബര ഹോട്ടലുകളുമടക്കം എട്ടോളം സ്ഥലങ്ങളില്‍ തീവ്രവാദികള്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിടുന്നു എന്ന കൃത്യമായ വിവരങ്ങള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് ലഭിച്ചിരുന്നു. ഇന്ത്യയുടെ വിവരങ്ങള്‍ ലഭിച്ചതിന് പിന്നാലെ ഏപ്രില്‍ പത്തിന് ശ്രീലങ്കന്‍ പൊലീസ് മേധാവി ദേശീയ തലത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.