ന്യൂഡല്‍ഹി: ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര ശ്രീലങ്കയില്‍ നടക്കാന്‍ സാധ്യത തെളിയുന്നു. ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹറും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി ഷഹരിയാര്‍ ഖാനും തമ്മില്‍ ഐസിസി ആസ്ഥാനത്തു നടത്തിയ ചര്‍ച്ചയില്‍ പരമ്പര ശ്രീലങ്കയില്‍ നടത്താന്‍ തീരുമാനമായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇരുരാജ്യങ്ങള്‍ക്കും പൊതുസമ്മതമുള്ള വേദി എന്ന നിലയ്ക്കാണ് ശ്രീലങ്കയെ വേദിയാക്കുന്നത്. ഇതിനോട് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും അനുകൂല നിലപാടെടുത്തതോടെയാണ് ഇന്ത്യ-പാക് പരമ്പരയ്ക്കു സാധ്യത തെളിയുന്നത്. ഇരുരാജ്യങ്ങളുടെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ ഇതേവരെ റിപ്പോര്‍ട്ടുകളോടു പ്രതികരിച്ചിട്ടില്ല.
പിസിബി മേധാവി ഷഹരിയാര്‍ ഖാന്‍ പാക് സര്‍ക്കാരിനെ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ധരിപ്പിച്ചശേഷം മാത്രമേ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകാന്‍ സാധ്യതയുള്ളു. ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ജൈല്‍സ് ക്ലാര്‍ക്കുമായും ഷഹരിയാര്‍ ഖാന്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഇന്ത്യ-പാക് ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്കു മധ്യസ്ഥത വഹിക്കുന്നത് ജൈല്‍സ് ക്ലാര്‍ക്കാണ്. ഇതിനുശേഷം വെള്ളിയാഴ്ച അന്തിമതീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.