കൊളംബോ: ശ്രീലങ്കയില്‍ ഇന്ന് പാര്‍ലമെന്റ് ചേരും. ഇന്ന് രാവിലെ 10 മണിക്ക് പാര്‍ലമെന്റ് അംഗങ്ങളുടെ യോഗം ചേരാന്‍ സ്പീക്കര്‍ കരു ജയസൂര്യയാണ് പ്രസ്താവനയില്‍ അറിയിച്ചത്. എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് പാര്‍ലമെന്റ് ചേരുന്നത്.
ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയെ പുറത്താക്കിയ സിരിസേനയുടെ നടപടിക്കുശേഷം ശ്രീലങ്കന്‍ രാഷ്ട്രീയത്തിലുണ്ടായ നാടകീയ വഴിത്തിരിവാണ് കോടതി വിധി. ജനുവരി അഞ്ചിന് നടത്താനിരുന്ന ഇടക്കാല പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നിറുത്തിവയ്ക്കാനും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
സുപ്രീംകോടതിയുടെ സ്റ്റേ ഡിസംബര്‍ ഏഴ് വരെയാണ്. പാര്‍ലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നടപടിക്കെതിരെയാണ് സ്റ്റേ .