കൊളംബോ: ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനമുണ്ടായതായി റിപ്പോര്‍ട്ട്. കൊളംബോയില്‍ നിന്നും 40 കിലോമീറ്റര്‍ മാറി പുഗോഡയില്‍ മജിസ്‌ട്രേറ്റ് കോടതിക്കു സമീപമാണ് സ്‌ഫോടനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തില്‍ ആളപായമുണ്ടായിട്ടില്ല. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചു.
അതേസമയം, ഈസ്റ്റര്‍ ദിനത്തില്‍ മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും നക്ഷത്ര ഹോട്ടലുകളിലുമുണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 359 ആയി. പരിക്കേറ്റ് ചികിത്സയിലുള്ള അഞ്ഞൂറോളം പേരില്‍ ചിലരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
ആക്രമണങ്ങളില്‍ രണ്ട് ഐഎസ് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്ന് മടങ്ങിയെത്തിവരാണ് ചാവേര്‍ ബോംബ് ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
പ്രാദേശിക സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്തിന് എങ്ങനെയാണ് ഐഎസ് സഹായം ലഭിച്ചതെന്നാണ് അന്വേഷണ സംഘം പ്രധാനമായി പരിഗണിക്കുന്നത്. നാഷണല്‍ തൗഹീദ് ജമാഅത്തുമായി ബന്ധം പുലര്‍ത്തുന്ന 139 പേരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണവും ഊര്‍ജിതമാണ്.
സ്ഫോടനത്തിന് ഉപയോഗിച്ച ജാക്കറ്റുകള്‍ ഐഎസ് ആക്രമണങ്ങള്‍ക്ക് സ്ഥിരമായി ഉപയോഗിക്കുന്നവയാണെന്നും കണ്ടെത്തിയിട്ടുണ്ട്.