ഇന്ത്യയുടെ ‘വില’ ശ്രീലങ്കയ്ക്ക് ബോധ്യമായി . . ചൈനയെ വേണ്ട . . സഹായിക്കണമെന്ന് !

Sri Lanka

കൊളംബോ: ചൈനക്കായി തുറമുഖം പണയം വെച്ചതില്‍ പശ്ചാതപിച്ച് ഒടുവില്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ . .

രാജ്യത്തിന്റെ അടിസ്ഥാന വികസനത്തിന് ഇനി ഇന്ത്യയും ജപ്പാനും മനസ്സു വയ്ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ബിസിനസ്സ് സമ്മേളനത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് വിക്രമസിംഗെ ലോക രാഷ്ട്രങ്ങളെ അമ്പരപ്പിക്കുന്ന നിലപാട് സ്വീകരിച്ചത്.

ശ്രീലങ്ക തെക്കന്‍ തീരത്തെ ഹംബന്‍ തോട്ട തുറമുഖം ചൈനക്ക് 99 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയത് കഴിഞ്ഞ വര്‍ഷമാണ്. 1.1 ബില്യന്‍ ഡോളര്‍ വരുമാനം സര്‍ക്കാരിന് കിട്ടുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഇപ്പോള്‍ ഈ തുറമുഖം ബാധ്യതയായിരിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

വിദേശ നിക്ഷേപകരുടെ വിപുലമായ നിരയെയാണ് ശ്രീലങ്ക പ്രതീക്ഷിക്കുന്നത്. ഇന്ത്യയെയും ജപ്പാനെയും മറ്റുള്ളവര്‍ പിന്തുടരണം. ഇവിടെ നിന്നാണ് ആദ്യ നിക്ഷേപം വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ സര്‍ക്കാര്‍ ചെയ്തത് പോലെ ചൈനയില്‍ നിന്നും വായ്പയെടുത്ത് ഇനിയും പിടിച്ചു നില്‍ക്കാന്‍ പറ്റില്ലന്ന് കണ്ടാണ് വിക്രമസിംഗെ നിലപാട് മാറ്റത്തിന് തയ്യാറായിരിക്കുന്നത്.

ചൈനയുമായി ആദ്യമുണ്ടായ കടം 5 ബില്യന്‍ ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് വര്‍ദ്ധിച്ച് രാജ്യം തന്നെ പണയം വയ്‌ക്കേണ്ട അവസ്ഥയില്‍ എത്തിയതാണ് ശ്രീലങ്ക ഇന്ത്യന്‍ പക്ഷത്തേക്ക് മാറാന്‍ വഴിയൊരുക്കിയിരിക്കുന്നത്.

ഹംബന്‍ തോട്ട തുറമുഖം ഉള്‍പ്പെടെ രാജ്യത്തെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങള്‍ എല്ലാം നിലവില്‍ ശ്രീലങ്ക ചൈനക്ക് പണയം വച്ചിരിക്കുകയാണ്. സൈനിക ആവശ്യങ്ങള്‍ക്ക് ഈ തുറമുഖം ചൈന ഉപയോഗപ്പെടുത്തുമെന്നതിനാല്‍ ഇന്ത്യക്ക് കടുത്ത ആശങ്ക ഉണ്ടായിരുന്നു.

ഇന്ത്യയുടെ ശക്തമായ പങ്കാളിയായ ജപ്പാന്‍, ചൈനയോടുള്ള ശ്രീലങ്കന്‍ ബന്ധത്തില്‍ കലിപ്പിലുമായിരുന്നു. ഇന്ത്യ ഗ്രീന്‍ സിഗ്‌നല്‍ നല്‍കാതെ ജപ്പാന്‍ ശ്രീലങ്കയെ സഹായിക്കില്ലന്ന കാര്യവും വ്യക്തമാണ്. ഇരു രാജ്യങ്ങളുടേയും ശക്തരായ എതിരാളികളാണ് ചൈന.

അനുഭവത്തില്‍ പാഠം പഠിച്ച ശ്രീലങ്കയെ കൂടെ നിര്‍ത്താന്‍ ഇന്ത്യ ഇനി ആവശ്യമായ സഹായം ചെയ്യുമെന്ന് തന്നെയാണ് നയതന്ത്ര വിദഗ്ദരുടെ പ്രതീക്ഷ. ചൈനയില്‍ വിശ്വാസമര്‍പ്പിച്ച മാലിദ്വീപ് ഭരണകൂടത്തിനും പുനര്‍ വിചിന്തനത്തിന് ഇടയാക്കുന്നതാണ് ശ്രീലങ്കയുടെ പുതിയ നിലപാട്.

മേഖലയില്‍ പ്രധാന ശക്തിയായ ഇന്ത്യ കൈവിട്ടാല്‍ രാജ്യം തന്നെ ചൈനയുടെ അധീനതയിലാകുമെന്ന തിരിച്ചറിവ് നാളെ മാലിദ്വീപ് ഭരണകൂടത്തിനും ഉണ്ടാകുമെന്ന് നയതന്ത്ര വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ രണ്ട് രാജ്യങ്ങളിലും മുന്‍പ് വലിയ ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ ഇന്ത്യന്‍ സേന എത്തിയത് മറന്ന് സ്വാര്‍ത്ഥ താല്‍പ്പര്യത്തിനായി ചൈനീസ് അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു ഇരു രാജ്യങ്ങളും.

ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ മേധാവിത്വം പുലര്‍ത്താമെന്ന ചൈനീസ് സ്വപ്നത്തിന് തിരിച്ചടി കൂടിയാണ് ശ്രീലങ്കയുടെ പുതിയ നിലപാട്.

Top