പൂനെ: ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്താനെതിരെ 242 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത 50 ഓവര്‍ അവസാനിക്കാന്‍ മൂന്ന് പന്തുകള്‍ ബാക്കിനില്‍ക്കേ 241 റണ്‍സ് നേടിയ ലങ്ക ഓള്‍ഔട്ടായി. ലങ്കന്‍ നിരയില്‍ പതും നിസ്സങ്കയും ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസും സദീര വിക്രമയും ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും തുടരെത്തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ലങ്കയെ പ്രതിരോധത്തിലാക്കാന്‍ അഫ്ഗാന് സാധിച്ചു. 46 റണ്‍സ് നേടിയ ഓപ്പണര്‍ പതും നിസ്സങ്കയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. അഫ്ഗാന് വേണ്ടി ഫസല്‍ഹഖ് ഫാറൂഖി നാലും മുജീബ് ഉര്‍ റഹ്‌മാന്‍ രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി.
മൂന്നാം വിക്കറ്റില്‍ ഒരുമിച്ച കുശാല്‍ മെന്‍ഡിസ് സദീര സമരവിക്രമ സഖ്യം ലങ്കയെ 100 കടത്തി. 28-ാം ഓവറില്‍ മെന്‍ഡിസിനെയും 30-ാം ഓവറില്‍ സമരവിക്രമയെയും പുറത്താക്കി മുജീബ് ഉര്‍ റഹ്‌മാന്‍ കരുത്ത് കാട്ടി. 50 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 39 റണ്‍സ് നേടിയാണ് ക്യാപ്റ്റന്റെ മടക്കം. 40 പന്തില്‍ നിന്ന് 36 റണ്‍സ് നേടിയ സമരവിക്രമയെ മുജീബ് ഉര്‍ റഹ്‌മാന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. 36-ാം ഓവറില്‍ ധനഞ്ജയ ഡി സില്‍വയെയും ലങ്കയ്ക്ക് നഷ്ടമായി. 26 പന്തില്‍ 14 റണ്‍സ് നേടിനില്‍ക്കുന്ന ധനഞ്ജയയെ റാഷിദ് ഖാന്‍ ബൗള്‍ഡാക്കുകയായിരുന്നു. 39-ാം ഓവറില്‍ ചരിത് അസലങ്കയുടെ വിക്കറ്റും വീണു. 28 പന്തില്‍ 22 റണ്‍സ് നേടിയ അസലങ്കയെ ഫസല്‍ഹഖ് ഫാറൂഖി പുറത്താക്കി. റാഷിദ് ഖാനായിരുന്നു ക്യാച്ച്.
പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആറാം ഓവറില്‍ ഓപ്പണര്‍ ദിമുത്ത് കരുണരത്നെയാണ് ലങ്കന്‍ നിരയില്‍ ആദ്യം പുറത്തായത്. 21 പന്തില്‍ നിന്ന് 15 റണ്‍സ് നേടി നില്‍ക്കുകയായിരുന്ന കരുണരത്നയെ വിക്കറ്റിന് മുന്നില്‍ കുരുക്കി ഫസല്‍ഹഖ് ഫാറൂഖിയാണ് അഫ്ഗാന് ബ്രേക്ക്ത്രൂ നല്‍കിയത്. ടീം സ്‌കോര്‍ 22ലെത്തിയപ്പോഴായിരുന്നു ആദ്യ വിക്കറ്റ്. വണ്‍ ഡൗണായി എത്തിയ ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസിനെയും കൂട്ടുപിടിച്ച് ഓപ്പണര്‍ പതും നിസ്സങ്ക പോരാട്ടം തുടര്‍ന്നു. ടീം സ്‌കോര്‍ 84 ലെത്തിച്ചാണ് പതും നിസ്സങ്ക മടങ്ങിയത്. 19-ാം ഓവറില്‍ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ കൈകളിലെത്തിച്ച് അസ്മത്തുള്ള ഒമര്‍സായിയാണ് നിസ്സങ്കയെ പുറത്താക്കിയത്. 60 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയടക്കം 46 റണ്‍സാണ് നിസ്സങ്കയുടെ സമ്പാദ്യം.