ലഖ്‌നൗ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഹാട്രിക് തോല്‍വികള്‍ക്ക് ശേഷം ശ്രീലങ്ക വിജയവഴിയില്‍. കരുത്തരായ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചെത്തിയ നെതര്‍ലന്‍ഡ്‌സിനെ ലഖ്‌നൗവില്‍ അഞ്ച് വിക്കറ്റിന് തോല്‍പിച്ചാണ് ലങ്ക ടൂര്‍ണമെന്റിലെ ആദ്യ ജയം സ്വന്തമാക്കിയത്. നെതര്‍ലന്‍ഡ്‌സ് മുന്നോട്ടുവെച്ച 263 റണ്‍സ് വിജയലക്ഷ്യം ലങ്ക 48.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടപ്പെടുത്തി സ്വന്തമാക്കി. നാലാമനായിറങ്ങി പുറത്താവാതെ 91* റണ്‍സെടുത്ത സദീര സമരവിക്രമയാണ് ശ്രീലങ്കയുടെ വിജയശില്‍പി. സദീരയാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും.
മറുപടി ബാറ്റിംഗില്‍ ടീം സ്കോര്‍ 4.3 ഓവറില്‍ 18 റണ്‍സില്‍ നില്‍ക്കേ കുശാല്‍ പെരേരയെ (8 പന്തില്‍ 5) ശ്രീലങ്കയ്‌ക്ക് നഷ്‌ടമായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ നായകന്‍ കുശാല്‍ മെന്‍ഡിസിനും (17 പന്തില്‍ 11) തിളങ്ങാനായില്ല. ഇതിന് ശേഷം അര്‍ധസെഞ്ചുറികളുമായി പാതും നിസങ്കയും സദീര സമരവിക്രമയുമാണ് ലങ്കയെ പ്രതീക്ഷകളിലേക്ക് തിരികെ കൊണ്ടുവന്നത്. 52 പന്തില്‍ 54 റണ്‍സെടുത്ത നിസങ്കയ്‌ക്ക് പിന്നാലെ ചരിത് അസലങ്ക 66 പന്തില്‍ നേടിയ 44 ഉം ധനഞ്ജയ ഡി സില്‍വയുടെ 37 പന്തില്‍ 30 ഉം ലങ്കയ്‌ക്ക് കരുത്തായി. 48.2 ഓവറില്‍ ടീം ജയിക്കുമ്പോള്‍ സദീര സമരവിക്രമയും (107 പന്തില്‍ 91*), ദുഷന്‍ ഹേമന്തയും (3 പന്തില്‍ 4*) ലങ്കയ്‌ക്കായി ക്രീസിലുണ്ടായിരുന്നു.
നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങി തുടക്കത്തിലെ കൂട്ടത്തകര്‍ച്ചയ്ക്ക് പിന്നാലെ ഗംഭീര തിരിച്ചുവരവ് നടത്തി നെതര്‍ലന്‍ഡ്‌സ് മികച്ച സ്കോര്‍ ഉറപ്പിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ ആറിന് 91 എന്ന നിലയില്‍ തകര്‍ന്ന നെതര്‍ലന്‍ഡ്‌സ് 49.4 ഓവറില്‍ 262 റണ്‍സ് നേടി. സിബ്രാന്‍ഡ് ഏങ്കല്‍ബ്രഷ് (70), ലോഗന്‍ വാന്‍ ബീക് (59) എന്നിവരാണ് നെതര്‍ലന്‍ഡ്‌സിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. വിക്രംജീത്ത് സിംഗ് (4), മാക്‌സ് ഒഡൗഡ് (16), കോളിന്‍ അക്കര്‍മാന്‍ (29), ബാസ് ഡി ലീഡ് (6), തേജാ നിഡമനുരു (9), ക്യാപ്റ്റന്‍ സ്കോട്ട് എഡ്‌വേഡ്‌സ് (16), വാന്‍ ഡെര്‍ മെര്‍വ് (7), പോള്‍ വാന്‍ മീകരെന്‍ (4), ആര്യന്‍ ദത്ത് (9*), എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്കോര്‍. ലങ്കയ്‌ക്കായി ദില്‍ഷന്‍ മധുഷങ്ക, കശുന്‍ രജിത എന്നിവര്‍ ശ്രീലങ്കയ്ക്കായി നാല് വിക്കറ്റ് വീതം വീഴ്ത്തി.