ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ ടോസ് നേടി ശ്രീലങ്ക; ബാറ്റിങ് തെരഞ്ഞെടുത്തു

കൊളംബോ: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു.ആറു മാറ്റങ്ങളുമായാണ് ഇന്ത്യ ശ്രീലങ്കക്കെതിരെ ഇറങ്ങുന്നത്. തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഷാര്‍ദ്ദുല്‍ താക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, അക്സര്‍ പട്ടേല്‍ എന്നിവര്‍ക്ക് പകരം വിരാട് കോലി, ഹാര്‍ദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ക്കൊപ്പം വാഷിംഗ്ടണ്‍ സുന്ദറും പ്ലേയിംഗ് ഇലവനില്‍ എത്തി.

ശ്രീലങ്കന്‍ ടീമിലും ഒരു മാറ്റം വരുത്തിയിട്ടുണ്ട്. പരുക്കുമൂലം പുറത്തായ മഹീഷ തീഷ്ണക്ക് പകരം ദുഷന്‍ ഹേമന്ത പ്ലേയിംഗ് ഇലവനിലെത്തി. ഏഷ്യാ കപ്പില്‍ എട്ടാം കിരീടം തേടിയാണ് രോഹിത് ശര്‍മ്മയും സംഘവുമിറങ്ങുന്നത്. എന്നാല്‍ കിരീടം നിലനിര്‍ത്തി ഏഴാം കിരീടത്തോടെ ഇന്ത്യക്കൊപ്പമെത്താമെന്ന പ്രതീക്ഷയിലാണ് ശ്രീലങ്ക.

ഒന്‍പതാം തവണയാണ് ഏഷ്യാകപ്പിന്റെ ഫൈനലില്‍ ഇന്ത്യയും ശ്രീലങ്കയും നേര്‍ക്ക് നേര്‍ വരുന്നത്. അഞ്ച് തവണ ഇന്ത്യ ജയിച്ചപ്പോള്‍ മൂന്ന് തവണ ജയം ശ്രീലങ്കക്കൊപ്പമായിരുന്നു. മുന്‍ മത്സരങ്ങളെപ്പോലെ ഫൈനലും മഴ ഭീഷണിയുടെ നിഴലിലാണ്. എന്നാല്‍ മഴ കളിമുടക്കിയാലും അടുത്തദിവസം മത്സരം പുനരാരംഭിക്കും. റിസര്‍വ് ദിനത്തിലും മത്സരം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇരു ടീമിനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.

സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനോട് പരാജയപ്പെട്ടാണ് ഇന്ത്യ ഫൈനലിലെത്തുന്നത്. സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇന്ത്യയെ വിറപ്പിക്കാന്‍ ലങ്കക്കായിരുന്നു. പാകിസ്താനെതിരെ ആവേശപ്പോര് ജയിച്ചാണ് ലങ്ക ഫൈനലിലെത്തിയത്.

ഇന്ത്യ: രോഹിത് ശര്‍മ (സി), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്

ശ്രീലങ്ക: പാത്തും നിസ്സാങ്ക, കുസല്‍ പെരേര, കുശാല്‍ മെന്‍ഡിസ്(വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സില്‍വ, ദസുന്‍ ഷനക(സി), ദുനിത് വെല്ലലഗെ, ദുഷന്‍ ഹേമന്ത, പ്രമോദ് മധുഷന്‍, മതീശാ പതിരാന.

Top