ഇന്ത്യയടക്കം ഏഴു രാജ്യക്കാര്‍ക്ക് ഫ്രീ വിസയുമായി ശ്രീലങ്ക

ശ്രീലങ്ക: ഇന്ത്യയടക്കം ഏഴുരാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഫ്രീ വിസ നല്‍കാനുള്ള തീരുമാനത്തിന് ശ്രീലങ്ക മന്ത്രിസഭയുടെ അംഗീകാരം. അമേരിക്കയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇന്ത്യ, ചൈന, റഷ്യ, മലേഷ്യ, ജപ്പാന്‍, ഇന്തോനേഷ്യ, തായ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അഞ്ചു മാസത്തേക്കാണ് സൗജന്യ വിസ അനുവദിക്കുക.

നേരത്തെ, അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സൗജന്യ ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശം മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചതായി ടൂറിസം മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍, ഇത് ഏഴായി വര്‍ധിപ്പിക്കുകയായിരുന്നു. സൗജന്യ വിസ ഉടനടി പ്രാബല്യത്തില്‍ വരുമെന്നും മാര്‍ച്ച് 31 വരെ ഇത് തുടരുമെന്നും വിദേശകാര്യ മന്ത്രി അലി സബ്രി പറഞ്ഞു.

രാജ്യത്തേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. യാത്രക്കാര്‍ക്ക് വിസ ലഭിക്കുന്നതിനുള്ള സമയവും പണവും ഈ പദ്ധതി വഴി ലാഭിക്കാം. ”വരും വര്‍ഷങ്ങളില്‍ വിനോദസഞ്ചാരികളുടെ വരവ് അഞ്ച് ദശലക്ഷം വര്‍ധിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു” -ശ്രീലങ്കന്‍ മന്ത്രാലയം പറഞ്ഞു. ഭാവിയില്‍ രാജ്യത്തെ ഒട്ടുമിക്ക വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കും ഇ-ടിക്കറ്റിംഗ് സംവിധാനം ഏര്‍പ്പെടുത്താനും മന്ത്രിസഭ നിര്‍ദ്ദേശിച്ചു.

Top