കൊളംബോ: ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് സൗജന്യ വിസ അനുവദിക്കുന്നതുസംബന്ധിച്ച തീരുമാനത്തിന് ശ്രീലങ്കന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. ആദ്യ ഘട്ടമെന്ന നിലയില്‍ അഞ്ചുമാസത്തേക്കായിരിക്കും അനുമതി. ഇന്ത്യ, ചൈന, റഷ്യ, മലേഷ്യ, ജപ്പാന്‍, ഇന്‍ഡൊനീഷ്യ, തായ്ലാന്‍ഡ് എന്നീ രാജ്യങ്ങളിലെ യാത്രക്കാര്‍ക്കാണ് സൗജന്യ വിസ അനുവദിക്കുക. അതേസമയം റഷ്യയും ചൈനയും ഉള്‍പ്പെട്ട പട്ടികയില്‍ അമേരിക്കയില്ല.
തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ മാര്‍ച്ച് 31 വരെയാണ് സൗജന്യ വിസയ്ക്ക് അനുമതി നല്‍കുക. രാജ്യത്തേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് നടപടിയെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. വരും വര്‍ഷങ്ങളില്‍ 50 ലക്ഷം അധിക വിനോദ സഞ്ചാരികളെയാണ് ശ്രീലങ്ക ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. സൗജന്യ വിസ കൂടാതെ രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അടുത്തുതന്നെ ഇ-ടിക്കറ്റിങ് സംവിധാനം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ നീക്കമാരംഭിച്ചു.
2019-ലെ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തോടെ ശ്രീലങ്കയിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്കില്‍ കുറവ് സംഭവിച്ചിരുന്നു. കോവിഡിനു പുറമേ, സ്ഫോടനം കൂടി ഉണ്ടായതോടെ ടൂറിസം വരുമാനം ഗണ്യമായി കുറഞ്ഞു. അന്ന് 11 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 270 പേരാണ് മരിച്ചത്. അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു.