ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേര രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 32-ാം വയസിലാണ് താരം രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞിരിക്കുന്നത്. യുവാക്കളും കൂടുതല്‍ പ്രതിഭാധനരുമായ താരങ്ങള്‍ക്കായി ഒഴിഞ്ഞുകൊടുക്കുകയാണെന്നാണ് തിസാര ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് നല്‍കിയ രാജിക്കത്തില്‍ അറിയിച്ചിരിക്കുന്നത്.
കുടുംബത്തിനു വേണ്ടിയും വ്യക്തിപരമായ കാര്യങ്ങള്‍ക്കുമായായിരുക്കും ഭാവിജീവിതമെന്നും അദ്ദേഹം പറഞ്ഞു. 2009 ഡിസംബറിലാണ് തിസാര പെരേര ശ്രീലങ്കയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്. 166 ഏകദിനങ്ങളില്‍ ശ്രീലങ്കന്‍ കുപ്പായമിട്ട താരം 2,338 റണ്‍സും 175 വിക്കറ്റുമാണ് ഇതിനകം സ്വന്തമാക്കിയത്.
84 ടി20കളില്‍ നിന്നായി 1,204 റണ്‍സും 51 വിക്കറ്റും നേടിയിട്ടുണ്ട്. ആകെ ആറു ടെസ്റ്റുകളില്‍ മാത്രമാണ് താരം കളിച്ചിട്ടുള്ളത്. അവസാനമായി 2012ലായിരുന്നു ടെസ്റ്റ് കളിച്ചത്.
2014ല്‍ ശ്രീലങ്കയുടെ ടി20 ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച തിസാരയാണ് ഇന്ത്യയ്ക്കെതിരായ ഫൈനല്‍ മത്സരത്തില്‍ വിജയറണ്‍ കുറിച്ചത്. 2011ല്‍ ഇന്ത്യയ്ക്കെതിരായ ഏകദിന ലോകകപ്പ് ഫൈനലിലും താരം തിളങ്ങിയിരുന്നു.