കൊളംബോ: സര്‍ക്കാരിനെതിരെ ജനരോഷം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ഒഴികെ ശ്രീലങ്കയിലെ മുഴുവന്‍ കാബിനറ്റ് മന്ത്രിമാരും രാജിവച്ചു. രാജി സന്നദ്ധത അറിയിച്ചുകൊണ്ടുള്ള പൊതു കത്തില്‍ എല്ലാവരും ഒപ്പുവച്ചതായി ഡെയ്ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിന് വഴിയൊരുങ്ങുകയാണ്.
നിലവില്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ പക്കലാണ് കത്തുള്ളത്. ഇത് പ്രസിഡന്റ് ഗോതബയ രാജപക്സെക്ക് കൈമാറും. വരും ദിവസങ്ങളില്‍ പുതിയ മന്ത്രിസഭ രൂപീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മഹിന്ദ രാജപക്സെ തുടരുമെന്നും മന്ത്രിസഭയിലെ മറ്റെല്ലാ അംഗങ്ങളും രാജിക്കത്ത് നല്‍കിയതായും എംപി ദിനേഷ് ഗുണവര്‍ധന സ്ഥിരീകരിച്ചു.
രാജ്യത്തെ കായിക മന്ത്രിയും പ്രധാനമന്ത്രി രാജപക്സെയുടെ മകനുമായ നമല്‍ രാജപക്സെ എല്ലാ വകുപ്പുകളില്‍ നിന്നും രാജിവച്ചത്തിന് പിന്നാലെയാണ് പുതിയ സംഭവവികാസം. നേരത്തെ മഹിന്ദ രാജപക്സെ രാജിവച്ചതായി റിപ്പോര്‍ട്ട് വന്നെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് നിഷേധിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയിലെമ്പാടും രാജപക്സെ സര്‍ക്കാരിനെതിരേ വന്‍പ്രതിഷേധമാണ് നടക്കുന്നത്.