ദില്ലി: അയോധ്യ മുതല്‍ രാമേശ്വരം ശ്രീരാമ സ്തംഭങ്ങള്‍ സ്ഥാപിക്കും.290 ശ്രീരാമ സ്തംഭങ്ങളാണ് സ്ഥാപിക്കുക.ശബരിമലയിലെ ഗ്രാമത്തിലെ ശബരി ആശ്രമത്തിലും ശ്രീരാമ തൂണ്‍ സ്ഥാപിക്കും. വാല്‍മീകി രചിച്ച രാമായണത്തില്‍ രാമന്‍ വനത്തിലേക്കുള്ള യാത്രയ്ക്കിടെ സന്ദര്‍ശിച്ച എല്ലാ സ്ഥലങ്ങളെയുമാണ് തൂണുകള്‍ അടയാളപ്പെടുത്തുക. ദ വീക്കാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ആദ്യത്തെ തൂണ്‍ അയോധ്യയിലെ മണിപര്‍ബത്തില്‍ സ്ഥാപിക്കും. നിര്‍മ്മാണത്തിലിരിക്കുന്ന ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന അതേ പിങ്ക് മണല്‍ക്കല്ലില്‍ കൊത്തിയെടുത്ത ആദ്യ പ്രതിഷ്ഠ സെപ്റ്റംബര്‍ 27 ന് നടക്കും. ശ്രീരാമനെ ശബരി കണ്ടുമുട്ടിയ വനമാണ് ശബരിമലയെന്നും ഐതിഹ്യമുണ്ട്. അതുകൊണ്ടുതന്നെ ശബരി ആശ്രമത്തിലും തൂണ്‍ സ്ഥാപിക്കും. ഈ തൂണുകള്‍ സ്ഥാപിക്കുന്ന സ്ഥലങ്ങള്‍ മുന്‍ ഇന്ത്യന്‍ റവന്യൂ ഓഫീസര്‍ രാം അവതാര്‍ ശര്‍മ്മ പരിശോധിച്ചു.
ഓരോ തൂണിലും വാല്‍മീകി രാമായണത്തിലെ ഈരടികള്‍ ഉണ്ടായിരിക്കും. ശ്രീരാമന്‍ സന്ദര്‍ശിച്ച സ്ഥലത്തെയും അതിന്റെ പ്രാധാന്യത്തെയും സൂചിപ്പിക്കുന്നതായിരിക്കും ഈരടികള്‍. തെലങ്കാനയിലെ തുംഗഭദ്ര നദിയുടെ തീരത്തും തൂണുകള്‍ സ്ഥാപിക്കും. നദിയുടെ തീരത്തുള്ള അനെഗുഡി എന്ന ചെറുപട്ടണം പുരാതനകാലത്ത് കിഷ്‌കിന്ധ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവിടെ വച്ചാണ് രാമന്‍ ആദ്യമായി ഹനുമാനെയും സുഗ്രീവനെയും കാണുന്നത്. മറ്റൊന്ന് ധനുഷ്‌കോടിയിലെ രാമസേതുവിലും സ്ഥാപിക്കും. ഭാവിതലമുറയെ ശ്രീരാമന്റെ ജീവിതത്തെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനുള്ള വിലമതിക്കാനാവാത്ത സംഭാവനയായിരിക്കും സ്തംഭങ്ങളെന്ന് ട്രസ്റ്റി ചമ്പത് റായ് പറഞ്ഞു.