ചെന്നൈ : തമിഴക രാഷ്ട്രീയ നേതാക്കളുടെ ഉറക്കം കെടുത്തി അണിയറയില്‍ പുരോഗമിക്കുന്ന ദളപതിയുടെ ‘സര്‍ക്കാര്‍’ സിനിമ പുറം ലോകം കാണാതിരിക്കാന്‍ നീക്കമെന്ന് ആരോപണം.
പ്രമുഖ സിനിമാപ്രവര്‍ത്തകരും ദളപതി വിജയ് യുടെ ആരാധകരുമാണ് ഇത്തരമൊരു ഗുരുതരമായ ആരോപണം ഉന്നയിക്കുന്നത്.
ഇപ്പോള്‍ ‘സര്‍ക്കാര്‍’ സംവിധായകന്‍ എ.ആര്‍.മുരുകദോസിനെതിരെ തെലുങ്ക് നടി ശ്രീറെഡ്ഡി രംഗത്ത് വന്നതിനു പിന്നില്‍ ‘ബാഹ്യ’ഇടപെടലുകള്‍ ഉണ്ടെന്ന സംശയം ഇവര്‍ക്കിടയിലുണ്ട്.
വിജയ് സിനിമയുടെ സംവിധായകനെതിരെ ഉയരുന്ന ആരോപണം സിനിമയെ തന്നെ ബാധിക്കുമെന്നതിനാല്‍ നടിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തലിനെ സംശയത്തോടെ മാത്രമേ കാണാന്‍ കഴിയൂ എന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു.
ഫെയ്‌സ്ബുക്കില്‍ തമിഴ് ലീക്ക് എന്ന പേരിലാണ് ശ്രീ റെഡ്ഡി ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
‘ഹൈദരാബാദിലെ ഗ്രീന്‍പാര്‍ക്ക് ഹോട്ടല്‍ ഓര്‍മ്മയുണ്ടോ എന്നും, അവിടെ വച്ച് വെലിഗോണ്ട ശ്രീനിവാസനോടൊപ്പം തന്നെ കണ്ടത് ഓര്‍മ്മയുണ്ടോ; എന്നുമാണ് ശ്രീ ചോദിക്കുന്നത്. മുരുകദോസിന് എതിരായ 90 ശതമാനം തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നാണ് ശ്രീ അവകാശപ്പെടുന്നത്. ഇതേ സമയം തമിഴ് താരം ശ്രീകാന്തിനെതിരെയും ശ്രീ റെഡ്ഡി ആരോപണം ഉന്നയിക്കുന്നുണ്ട്. അഞ്ച് കൊല്ലം മുന്‍പ് ഹൈദരാബാദില്‍ ക്രിക്കറ്റ് ലീഗ് നടക്കുന്നതിനിടയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് നടി ആരോപിക്കുന്നു.
വിവാദ താരമായ ശ്രീ റെഡ്ഡി തെലുങ്ക് സിനിമയിലെ ‘ചൂഷണങ്ങള്‍’ക്കെതിരെ മേല്‍വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചത് ദേശീയ ശ്രദ്ധ നേടിയിരുന്നു.
തമിഴക രാഷ്ട്രീയ കഥ പറയുന്ന മുരുകദോസ് സംവിധാനം ചെയ്യുന്ന ‘സര്‍ക്കാര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ തന്നെ തമിഴകത്ത് കൊടുങ്കാറ്റ് സൃഷ്ടിച്ചിരുന്നു.
ക്ലൈമാക്‌സ് ഷൂട്ടിങ്ങിനായി ആയിരങ്ങളെ അണിനിരത്തി ചെന്നൈയില്‍ സംഘടിപ്പിച്ച പൊളിറ്റിക്കല്‍ റാലി തമിഴക രാഷ്ട്രീയമേഖലയെയും അമ്പരപ്പിച്ചിരുന്നു.
ജയലളിതയുടെ മരണശേഷം രാഷ്ട്രീയ ‘അനിശ്ചിതത്വം’ തുടരുന്ന തമിഴകത്ത് പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി കമല്‍ ഹാസന്‍ രംഗ പ്രവേശം ചെയ്തു കഴിഞ്ഞു. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും താന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് അടുത്ത തെരെഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഈ രണ്ടു താരങ്ങള്‍ക്കും പുറമെ ദളപതി വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന അഭ്യൂഹവും തമിഴകത്തിപ്പോള്‍ ശക്തമാണ്.
നിലവിലെ സൂപ്പര്‍ താരങ്ങളില്‍ ശക്തമായ സംഘടനാ സംവിധാനവും കൊടിയും ഉള്ള ഏക ഫാന്‍സ് അസോസിയേഷന്‍ ദളപതിയുടേതാണ്. ലക്ഷക്കണക്കിന് ആരാധകര്‍ തമിഴകത്ത് മാത്രമല്ല കേരളത്തില്‍ പോലും വിജയ് എന്ന താരത്തിനുണ്ട്.
ഈ ശക്തി തന്നെയാണ് ദളപതിയുടെ രാഷ്ട്രീയ പ്രവേശനത്തെ തമിഴകത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയക്കാന്‍ കാരണം.
ബ്രഹ്മാണ്ട സംവിധായകന്‍ ശങ്കര്‍, രാജമൗലി എന്നിവര്‍ക്കൊപ്പമാണ് മുരുകദോസിന്റെയും സ്ഥാനം.
വമ്പന്‍ സൂപ്പര്‍ ഹിറ്റുകള്‍ നല്‍കിയ ഈ സംവിധായകന്‍ ദളപതിയെ നായകനാക്കി അവതരിപ്പിച്ച തുപ്പാക്കി, കത്തി സിനിമകള്‍ കോടികള്‍ വാരി വലിയ നേട്ടമാണ് ഉണ്ടാക്കിയിരുന്നത്.
മൂന്നാമതും ഇരുവരും ഒന്നിക്കുമ്പോള്‍ വമ്പന്‍ ഹിറ്റ് തന്നെയാണ് തെന്നിന്ത്യന്‍ സിനിമാലോകം പ്രതിക്ഷിക്കുന്നത്. വരുന്ന ദീപാവലിക്കാണ് ‘ സര്‍ക്കാര്‍’ റിലീസ് ചെയ്യുന്നത്.
രാഷ്ട്രീയമാണ് പ്രമേയമെന്നത് കൂടി അറിഞ്ഞതോടെ ഭരണപക്ഷമായ എ.ഡി.എം.കെയുടെയും പ്രതിപക്ഷമായ ഡി.എം.കെയുടെയും ചങ്കിടിപ്പ് തുടങ്ങിയിരുന്നു.
അടുത്തയിടെ റിലീസായ വിജയ് സിനിമ ‘മെര്‍സല്‍’ ജി.എസ്.ടി.ക്കെതിരായ വിമര്‍ശനത്തോടെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നായകനെതിരെ ജാതീയമായി ആക്ഷേപിച്ചു പോലും ബി.ജെ.പി ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തു വരുന്ന സാഹചര്യവും രാജ്യത്തുണ്ടായി.
എന്നാല്‍ എതിര്‍പ്പുകളെ മറികടന്ന് മെര്‍സല്‍ വലിയ വിജയം നേടുകതന്നെ ചെയ്തു.
ഈ സാഹചര്യത്തില്‍ ലോക് സഭ തെരെഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭ തെരെഞ്ഞെടുപ്പു കൂടി നടക്കാന്‍ സാധ്യത ഉള്ളതിനാല്‍ വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുകയോ ‘സര്‍ക്കാര്‍’ സിനിമയില്‍ തങ്ങള്‍ക്കെതിരായ വിമര്‍ശനം ഉണ്ടാവുകയോ ചെയ്താല്‍ ‘പണി’ പാളുമെന്ന ആശങ്കയിലാണ് ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍.
വിജയ് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി ഇനി രൂപീകരിച്ചില്ലങ്കില്‍ തന്നെ കമല്‍ഹാസനോ, രജനീകാന്തിനോ പിന്തുണ നല്‍കാനുള്ള സാധ്യതയും ദ്രാവിഡ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍കൂട്ടി കാണുന്നുണ്ട്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ദളപതി നായകനായ ‘തലൈവ’ സിനിമ റിലീസ് ചെയ്യുന്നത് ജയലളിത ഭരണകൂടം തടഞ്ഞിരുന്നു. പിന്നീട് ചില ഭാഗങ്ങള്‍ മാറ്റിയാണ് പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയ സിനിമക്ക് ഭരണ സ്വാധീനം ഉപയോഗിച്ച് തിയറ്റര്‍ ഉടമകളില്‍ സ്വാധീനം ചെലുത്തി വിരട്ടിയാണ് അന്ന് സര്‍ക്കാര്‍ ‘വിശ്വരൂപം’ കാട്ടിയത്.
ഇത്തരമൊരു ‘ഒത്തു തീര്‍പ്പിന് ‘ ഇനി ഇല്ല എന്ന ദളപതിയുടെ പ്രഖ്യാപനമാണ് മെര്‍സല്‍ വിവാദത്തിലും പിന്നീട് കണ്ടത്.
ജി.എസ്.ടിയെ വിമര്‍ശിക്കുന്ന ഭാഗം കട്ട് ചെയ്യണമെന്ന ബി.ജെ.പി ആവശ്യത്തോട് ആദ്യം അനുകൂലമായി പ്രതികരിച്ച നിര്‍മ്മാതാക്കള്‍ക്ക് വിജയ് നിലപാട് കടുപ്പിച്ചതിനെ തുടര്‍ന്ന് നിലപാട് മാറ്റേണ്ടി വന്നിരുന്നു.
ആര്‍ക്കും ഭയപ്പെട്ട് ഒന്നും ചെയ്യേണ്ടതില്ലന്നും എല്ലാം തന്റെ ആരാധകര്‍ നോക്കിക്കൊള്ളുമെന്നുമാണ് ദളപതിയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് ‘സര്‍ക്കാര്‍’ സിനിമയെയും ആശങ്കയോടെ രാഷ്ട്രീയ തമിഴകം നോക്കിക്കാണുന്നത്.
വിജയ് സിനിമകള്‍ക്ക് റിലീസിനു മുന്‍പ് വിവാദങ്ങളും പ്രതിസന്ധികളും പുത്തരിയല്ലാത്തതിനാല്‍ നടി ശ്രേയയുടെ ആരോപണത്തെയും അത്തരമൊരു അര്‍ത്ഥത്തിലാണ് ഒരു വിഭാഗം നോക്കിക്കാണുന്നത്.
ശ്രേയയുടെ ആരോപണത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറം ലോകത്തെ അറിയിക്കണമെന്നതാണ് വിജയ് ആരാധകരുടെ ആവശ്യം. സംവിധായകനെ കള്ളക്കേസില്‍ കുടുക്കിയും മാനസികമായി പീഡിപ്പിച്ചും സര്‍ക്കാര്‍ സിനിമയെ തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും ആരാധകര്‍ മുന്നറിയിപ്പ് നല്‍കി.
ആരോപണത്തിനു പിന്നില്‍ ‘ഹിഡന്‍’ അജണ്ടയോ ‘രാഷ്ട്രീയ’ ഇടപെടലോ ഉണ്ടെങ്കില്‍ അതും പുറത്ത് കൊണ്ടുവന്ന് നടപടി സ്വീകരിക്കണമെന്നതാണ് തെന്നിന്ത്യന്‍ സിനിമാരംഗത്തെ പ്രമുഖരും ആവശ്യപ്പെടുന്നത്.