കാസ്റ്റിംഗ് കൗച്ചിനെതിരെ പ്രതിഷേധിച്ച് തെന്നിന്ത്യന്‍ സിനിമയെ ഞെട്ടിച്ച നടിയാണ് ശ്രീ റെഡ്ഡി. തെലുങ്ക് സിനിമയിലെയും തമിഴ് സിനിമയിലെയും സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ശ്രീ റെഡ്ഡി ഉന്നയിച്ചിരുന്നത്. സിനിമയില്‍ അവസരം തേടി വരുന്ന പുതുമുഖങ്ങള്‍ കടുത്ത ലൈംഗിക ചൂഷണമാണ് അനുഭവിക്കേണ്ടി വരുന്നതെന്ന് ശ്രീ റെഡ്ഡി ആരോപിക്കുന്നു.
നടന്‍ നാനി, ശ്രീകാന്ത്, രാഘവ ലോറന്‍സ്, സംവിധായകന്‍മാരായ എ.ആര്‍ മുരുകദോസ് ശേഖര്‍ കമ്മൂല, ഗായകന്‍ ശ്രീറാം, നടന്‍ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി, സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊര്‍ത്താല തുടങ്ങിയവര്‍ക്കെതിരേയും ഗുരുതരമായ ആരോപണങ്ങളുമായി ശ്രീ റെഡ്ഡി രംഗത്ത് വന്നിരുന്നു.
ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്തലുകളെയെല്ലാം ഭയത്തോടെയാണ് സിനിമാ ലോകം നോക്കി കാണാറുളളത്. തെന്നിന്ത്യയിലെ നടന്‍മാര്‍ക്ക് നടിമാര്‍ വില്‍പ്പനച്ചരക്കാണെന്ന് പറഞ്ഞിരിക്കുകയാണ് ശ്രീറെഡ്ഡി. ഉപയോഗം കഴിഞ്ഞാല്‍ ചവറ്റു കുട്ടയിലേക്ക് വലിച്ചെറിയുന്ന സ്വഭാവമാണ് അവര്‍ക്കുളളതെന്നും ശ്രീറെഡ്ഡി പറയുന്നു.
തെലുഗു സിനിമയാണ് സ്ത്രീകളെ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യുന്നത്. നിറത്തിന്റെ പേരില്‍ അവര്‍ തെലുഗു പെണ്‍കുട്ടികളെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു. തമിഴ് സിനിമയിലും സമാനമായ സംഭവങ്ങളാണ് അരങ്ങേറുന്നത്. അവിടെയും നിറത്തിന്റെയും ശരീരവടിവിന്റേയും പേരില്‍ പെണ്‍കുട്ടികളെ മാറ്റിനിര്‍ത്തുന്നുണ്ട്. കോളിവുഡിലെ സിനിമാ കോര്‍ഡിനേറ്റര്‍മാര്‍ ഭീകരന്‍മാര്‍ ആണ്. ഒത്തുതീര്‍പ്പും കണ്ണടയ്ക്കലുമാണ് അവിടെ നടക്കുന്നത്. മുരുകദോസും ശ്രീകാന്തും ലോറന്‍സുമെല്ലാം എന്നെ ഉപദ്രവിച്ചിട്ടുണ്ട്.
മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷനും നടികര്‍ സംഘം പോലുളള സംഘടനകളൊന്നും തനിക്ക് അംഗത്വം നല്‍കില്ല. കാരണം ഒരു തെലുങ്ക് സിനിമ കോര്‍ഡിനേറ്റര്‍ എനിക്ക് പരിചയമുളള ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. ആ കേസില്‍ ഞാന്‍ ഇടപെട്ടിരുന്നു. ഇക്കാരണത്താലാണ് അവര്‍ എനിക്ക് അംഗത്വം നല്‍കാത്തത്.
‘എന്റെ മാതാപിതാക്കള്‍ പത്ത് വര്‍ഷം മുന്‍പ് എന്നെ ഉപേക്ഷിച്ചു. എനിക്കിപ്പോള്‍ വരുമാനം ഇല്ല. ഞാന്‍ സുഹൃത്തുക്കളോട് ഇരന്നിട്ടാണ് വീട്ടു വാടക കൊടുക്കുന്നത്. കയ്യില്‍ ഉണ്ടായിരുന്ന സ്വര്‍ണവും പഴയ മൊബൈല്‍ ഫോണുകളും വിറ്റാണ് ഇതുവരെ ജീവിച്ചത്. സിനിമയില്‍ ജീവിതമുണ്ടാകുമെന്ന് കരുതിയാണ് ഇത്രകാലം മുമ്പോട്ട് പോയത്. പക്ഷേ എല്ലാരും എന്നെ ഉപയോഗിച്ചു. എനിക്ക് എന്നോട് തന്നെ സഹതാപം തോന്നുന്നു. പക്ഷേ ആത്മഹത്യ ചെയ്യുമെന്ന് ആരും കരുതേണ്ട. സിനിമയിലെ ഒരുപാട് ആളുകളുടെ തനിനിറം എനിക്ക് പുറത്ത് കൊണ്ടുവരാനുണ്ട്’ എല്ലാം അവസാനിച്ചാല്‍ ഹിമാലയത്തില്‍ പോയി ആത്മീയതയിലേക്ക് തിരിയണമെന്നും ശ്രീറെഡ്ഡി പറഞ്ഞു.