1 ലക്ഷം ശ്രീലങ്കന്‍ തമിഴര്‍ക്കും പൗരത്വം നല്‍കണം; ആവശ്യവുമായി ശ്രീ ശ്രീ രവിശങ്കര്‍

പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയ സാഹചര്യത്തില്‍ ഇന്ത്യയില്‍ കഴിയുന്ന ഒരു ലക്ഷത്തോളം വരുന്ന ശ്രീലങ്കന്‍ തമിഴര്‍ക്കായി രംഗത്തെത്തി ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍. ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന ഇവര്‍ക്ക് പൗരത്വം നല്‍കണമെന്നാണ് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അയല്‍രാജ്യങ്ങളില്‍ നിന്നും രക്ഷപ്പെടുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് ബില്‍.

ശ്രീലങ്കന്‍ തമിഴര്‍ക്കായി ശ്രീ ശ്രീ രവിശങ്കര്‍ ട്വീറ്റിലൂടെയാണ് ആവശ്യം ഉന്നയിച്ചത്. ‘കഴിഞ്ഞ 35 വര്‍ഷങ്ങളായി നമ്മുടെ രാജ്യത്ത് അഭയാര്‍ത്ഥികളായി കഴിയുന്ന 1 ലക്ഷം തമിഴ് ശ്രീലങ്കക്കാര്‍ക്ക് കൂടി പൗരത്വം അനുവദിക്കണമെന്നാണ് ഇന്ത്യാ ഗവണ്‍മെന്റിനോടുള്ള എന്റെ അപേക്ഷ’, രവിശങ്കര്‍ കുറിച്ചു.

ഏഴ് മണിക്കൂര്‍ നീണ്ട ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായത്. 311 അംഗങ്ങളുടെ പിന്തുണയോടെ പാസായ ബില്ലിന് ഇനി രാജ്യസഭയിലെ പരീക്ഷണമാണ് ബാക്കിയുള്ളത്. പ്രതിപക്ഷ അംഗങ്ങള്‍ കൊണ്ടുവന്ന നിരവധി ഭേദഗതികള്‍ സഭ തള്ളിയിരുന്നു. ശിവസേന എംപി കൊണ്ടുവന്ന ഭേദഗതിയും ഇതില്‍ ഉള്‍പ്പെടും.

രാജ്യസഭയില്‍ ശിവസേന അംഗത്തിന്റെ പിന്തുണ കൂടി ബില്‍ പാസാകാന്‍ ആവശ്യമുണ്ട്. എന്നാല്‍ തങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ ഉത്തരം ലഭിച്ചെങ്കില്‍ മാത്രമേ ബില്ലിനെ രാജ്യസഭയില്‍ അനുകൂലിക്കൂവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കിയിട്ടുണ്ട്.

Top