തിരുവനന്തപുരം: ബോളിവുഡ് താരം ശ്രീദേവിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചു ദശാബ്ദം ഇന്ത്യൻ സിനിമയിൽ നിറഞ്ഞുനിന്ന ശ്രീദേവിയുടെ വേർപാട് വ്യസനകരമാണെന്ന് ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു .
‘ബാലതാരമായി മലയാളിക്കു മുന്നിലെത്തിയ ശ്രീദേവി ചലച്ചിത്രാസ്വാദകർക്ക് എക്കാലത്തും ഹൃദയത്തിൽ സൂക്ഷിക്കാനുള്ള അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ചിട്ടുണ്ട്. വ്യത്യസ്ത ഭാഷകളിൽ അനേകം അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീദേവിയുടെ അകാല നിര്യാണം ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് അപരിഹാര്യ നഷ്ടമാണെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.
നടൻ മോഹിത് മാർവയുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ ദുബായിൽ എത്തിയപ്പോൾ ശനിയാഴ്ച രാത്രിയായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് ശ്രീദേവിയുടെ അന്ത്യം. മരിക്കുമ്പോൾ സമീപത്ത് മകൾ ഖുഷിയും ഭർത്താവ് ബോണി കപൂറും ഉണ്ടായിരുന്നു.