മുംബൈ; പ്രമുഖ നടി ശ്രീദേവിയെ കൊലപ്പെടുത്തിയതാണെന്നും പിന്നില്‍ അധോലോക ‘നായകന്‍’ ദാവൂദ് ഇബ്രാഹിം ആണെന്ന മുന്‍ അസി.കമ്മീഷണറുടെ വെളിപ്പെടുത്തലിനു പിന്നില്‍ ഉന്നത ഉദ്യോഗസ്ഥന്‍.
മുംബൈ പൊലീസിലെ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗന്റെ അറിവോടെയാണ് മുന്‍ എ.സി.പി.വേദ് ഭൂഷന്റെ വെളിപ്പെടുത്തലെന്നാണ് സൂചന.
ശ്രീദേവി മരണപ്പെട്ടത് ദുബായിലാണെങ്കിലും മുംബൈ പൊലീസും രഹസ്യാന്വേഷണ വിഭാഗവും ഇതു സംബന്ധമായി രഹസ്യമായി അന്വേഷണം നടത്തിയിരുന്നു.
മുംബൈ അധോലോകത്തിലെ ചില ഉന്നതരടക്കം നിരീക്ഷണത്തിലുമായിരുന്നു. ദുബായില്‍ നടന്ന സംഭവത്തില്‍ അന്വേഷണത്തിന് ‘പരിമിതി’ ഉണ്ടായതിനാല്‍ ആണ് വിരമിച്ച അസി.കമ്മീഷണറുടെ സ്വകാര്യ അന്വേഷണ ഏജന്‍സിയെ ഉപയോഗപ്പെടുത്തിയതത്രെ.
അതീവ ഗുരുതരമായ കാര്യങ്ങളാണ് വേദ് ഭൂഷണ്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതു സംബന്ധമായി ഐ.ബി രാജ്യത്തിനകത്തും റോ ദുബായിലും കൂടുതല്‍ അന്വേഷണം തുടങ്ങുമെന്നാണ് അറിയുന്നത്. വെളിപ്പെടുത്തല്‍ ബോളിവുഡിനെയാകെ ഞെട്ടിച്ചിട്ടുണ്ട്.
കുടുംബത്തിലെ ഒരു വിവാഹവുമായി ബന്ധപ്പെട്ട് ദുബായിലെത്തിയ ശ്രീദേവി, അവിടുത്തെ ഒരു ഹോട്ടലില്‍ മുങ്ങിമരിക്കുകയായിരുന്നു. മരണത്തെ ചുറ്റിപറ്റി നിരവധി ഊഹാപോഹങ്ങള്‍ പുറത്തുവന്നെങ്കിലും അടിസ്ഥാനരഹിതമാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് അതെല്ലാം നേരത്തെതന്നെ ദുബായ് പൊലീസ് അവസാനിപ്പിക്കുകയായിരുന്നു.
നടിയുടെ മരണം ആകസ്മികമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും വേദ് ഭൂഷണ്‍ വെളിപ്പെടുത്തി.
ഇത് തന്റെ സംശയം മാത്രമല്ലെന്നും. ശ്രീദേവി കഴിഞ്ഞിരുന്ന ദുബായിലെ ജുമൈറ എമിറേറ്റ്സ് ടവര്‍ ഹോട്ടലില്‍ താമസിച്ച് തന്റെ സ്വകാര്യ അന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ നിന്നും ലഭിച്ച വിവരങ്ങളാണെന്നും വേദ് ഭൂഷണ്‍ പറയുന്നു. അവയില്‍ പ്രധാനം ഹോട്ടല്‍ ദാവൂദിന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ്. മാത്രമല്ല ദുബായ് രാജകുടുംബവുമായി ദാവൂദിന് നല്ല ബന്ധമാണ് നിലനില്‍ക്കുന്നതെന്നും വേദ് ഭൂഷണ്‍ ആരോപിച്ചു.
ദുബായില്‍ ശ്രീദേവിയുടെ മരണം അന്വേഷിക്കാന്‍ ചെന്ന താന്‍, ശ്രീദേവിയുടെ രക്ത സാമ്പിളുകളും ശ്വാസകോശത്തില്‍ എത്രത്തോളം വെള്ളം എത്തിയെന്നതിന്റെ റിപ്പോര്‍ട്ടും ദുബായ് പൊലീസിനോട് ചോദിച്ചുവെങ്കിലും അത് നല്‍കാന്‍ അവര്‍ തയ്യാറായില്ല. മാത്രമല്ല ഒമാനില്‍ ശ്രീദേവിയുടെ പേരില്‍ 240 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയാണ് ഉണ്ടായിരുന്നത്. ഇതെല്ലാമാണ് മരണത്തില്‍ ദാവൂദിനും പങ്കുണ്ടെന്ന തന്റെ സംശയം ബലപ്പെടുത്തിയതെന്ന് വേദ് ഭൂഷണ്‍ വ്യക്തമാക്കി. എന്തായാലും തന്റെ കണ്ടെത്തലുകളുമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്ന് വേദ് ഭൂഷണ്‍ അറിയിച്ചിട്ടുണ്ട്.
ദുബായ് പൊലീസിനെ ഏറെ പ്രതിരോധത്തിലാക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന വിവരങ്ങള്‍.