ശ്രീദേവിയുടെ സംസ്‌കാരം ഇന്ന്, യാത്രാ മൊഴി നല്‍കാന്‍ മുംബൈയിലേക്ക് ജന പ്രവാഹം

മുംബൈ: അന്തരിച്ച നടി ശ്രീദേവിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് മുംബൈയില്‍ നടക്കും. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് മൃതദേഹം മുംബൈയിലെത്തിച്ചത്. അനില്‍ അംബാനിയുടെ പ്രത്യേക വിമാനത്തിലായിരുന്നു മൃതദേഹം നാട്ടിലെത്തിച്ചത്.

രാവിലെ 9.30 മുതല്‍ സെലിബ്രേഷന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വെയ്ക്കുന്ന മൃതദേഹം ഉച്ചയ്ക്ക് രണ്ടിന് വിലെപാര്‍ലെ സേവ സമാജ് ശ്മശനാത്തിലേക്ക് വിലാപയാത്രയായി പുറപ്പെടും.

അതേസമയം ശ്രീദേവിയുടെ മരണം സംബന്ധിച്ച എല്ലാ അന്വേഷണം അവസാനിപ്പിക്കുന്നതായി ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഇന്നലെ ഉച്ചയോടെ ആയിരുന്നു ശ്രീദേവിയുടെ മൃതദേഹം പൊലീസ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്. ശ്രീദേവിയുടെ ഉള്ളില്‍ മദ്യം കടന്നതായി ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നും അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ശരിവെച്ചു. വിശദമായ അന്വേഷണം നടത്തിയതിന് ശേഷമാണ് കേസ് അവസാനിപ്പിക്കുന്നതെന്നും ദുബായ് പൊലീസ് വ്യക്തമാക്കി.

ശ്രീദേവിയുടെ മുംബൈയിലുള്ള വസതിയിലേക്ക് ആരാധകരുടെ പ്രവാഹമാണ്. ചലച്ചിത്ര ടിവി താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് വസതിയിലേയ്‌ക്കെത്തുന്നത്. മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കുന്ന സ്ഥലത്ത് മാധ്യമങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ശ്രീദേവിയുടെ മരണം സംബന്ധിച്ച് കപൂര്‍ കുടുംബം പുറത്തിറക്കിയ പത്രകുറിപ്പിലാണ് സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

Top