ശ്രീലങ്കയില്‍ ഊര്‍ജപ്രതിസന്ധി രൂക്ഷം: പ്രതിദിനപവര്‍കട്ട് 10 മണിക്കൂറാക്കും, മരുന്നു ക്ഷാമം മൂലം ശസ്ത്രക്രിയകള്‍ മുടങ്ങി

കൊളംബോ: ഊര്‍ജ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പത്തുമണിക്കൂര്‍ പവര്‍കട്ടിലേക്ക് ശ്രീലങ്ക. ബുധനാഴ്ച മുതലാണ് രാജ്യത്ത് പത്തുമണിക്കൂര്‍ പവര്‍കട്ട് നടപ്പിലാക്കുന്നത്. ഇന്ധനക്ഷാമം, ജനറേറ്ററുകളുടെ ലഭ്യതക്കുറവ് എന്നിവ മൂലമാണ് ഇത്തരമൊരു നിയന്ത്രണത്തിന് നിര്‍ബന്ധിതരായതെന്ന് സിലോണ്‍ വൈദ്യുതി ബോര്‍ഡ് അറിയിച്ചു.

ഫെബ്രുവരിമാസം മുതല്‍ക്കേ ശ്രീലങ്കയില്‍ പവര്‍കട്ട് നിലവിലുണ്ടായിരുന്നു. ജലവൈദ്യുത നിലയങ്ങളില്‍ വൈദ്യുതി ഉത്പാദനം കുറഞ്ഞതും ആവശ്യത്തിന് ഡീസല്‍ ഇല്ലാത്തതിനാല്‍ താപവൈദ്യുത നിലയങ്ങളുടെ പ്രവര്‍ത്തനത്തില്‍ തടസ്സം നേരിട്ടതുമാണ് ഈ പ്രതിസന്ധിക്ക് ഇടയാക്കിയത്.

രാജ്യം വലിയ അളവില്‍ ഡീസല്‍ക്ഷാമം നേരിടുന്നുണ്ട്. അതിനാല്‍ത്തന്നെ മാര്‍ച്ച് 30, 31 തീയതികളില്‍ ഡീസല്‍ നിറയ്ക്കുന്ന കേന്ദ്രങ്ങളില്‍ വരിനില്‍ക്കരുതെന്ന് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മരുന്ന് ക്ഷാമവും ശ്രീലങ്കയില്‍ രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ട്. മധ്യ ശ്രീലങ്കന്‍ നഗരമായ കാണ്ഡിയിലെ പെരെദെനിയ ആശുപത്രിയില്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകള്‍ മരുന്നില്ലാത്തതിനാല്‍ മുടങ്ങിയിരുന്നു. അനസ്തേഷ്യയ്ക്കുള്‍പ്പെടെയുള്ള മരുന്നുകളാണ് തീര്‍ന്നത്. ഇതിന് പിന്നാലെ മരുന്നില്ലാത്തതിനാല്‍ ശസ്ത്രക്രിയ മുടങ്ങിയ ആശുപത്രിക്ക് ഇന്ത്യ അടിയന്തര സഹായം എത്തിച്ചിരുന്നു.

ക്ഷാമം രൂക്ഷമായ ശ്രീലങ്കയ്ക്ക് സഹായവാഗ്ദാനവുമായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ തിങ്കളാഴ്ച കൊളംബോയിലെത്തിയിരുന്നു. പിന്നാലെയാണ് കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ഗോപാല്‍ ബാഗ്ലായിയോട് സഹായമെത്തിക്കാന്‍ മന്ത്രി നിര്‍ദേശിച്ചത്. ട്വിറ്ററിലൂടെ ജയ്ശങ്കര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

നേപ്പാള്‍ വിദേശകാര്യമന്ത്രി നാരായണ്‍ ഖഡ്ഡകാ, ഭൂട്ടാന്‍ വിദേശകാര്യമന്ത്രി താന്തി ദോര്‍ജി എന്നിവരുമായും ജയ്ശങ്കര്‍ ചര്‍ച്ച നടത്തി. സഹകരണം വര്‍ധിപ്പിക്കുന്നതിനു ചര്‍ച്ചകളില്‍ ധാരണയായതായി ജയ്ശങ്കര്‍ പറഞ്ഞു. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്‍മാര്‍, തായ്‌ലാന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ബിംസ്റ്റെക് ഉച്ചകോടിയില്‍ ജയ്ശങ്കര്‍ പങ്കെടുക്കുന്നുണ്ട്.

Top