മലപ്പുറം: ശ്രീലങ്കയില്‍ 253 പേരെ ചാവേര്‍ സ്‌ഫോടനങ്ങളിലൂടെ കൂട്ടക്കുരുതി നടത്തിയ നാഷണല്‍ തൗഹീദ് ജമാഅത്തിന് നിലമ്പൂര്‍ അത്തിക്കാട്ടെ ദമ്മാജ് സലഫി ഗ്രാമവുമായുള്ള ബന്ധമുണ്ടോ എന്നത് സംബന്ധിച്ച് എന്‍.ഐ.എ അന്വേഷണം ആരംഭിച്ചു.
ശ്രീലങ്കയില്‍ നിന്നുള്ള സലഫി പണ്ഡിതന്‍മാര്‍ ഇവിടെയെത്തിയതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിവരശേഖരണം നടത്തിയത്. നേരത്തെ കേരളത്തില്‍ നിന്നും ഐ.എസില്‍ചേരാന്‍ സിറിയയിലേക്കു പോയ മലയാളി കുടുംബങ്ങള്‍ അത്തിക്കാട്ടെ ദമ്മാജ് സലഫി ഗ്രാമത്തിലെത്തിയിരുന്നു.
ചാലിയാര്‍പുഴയുടെ തീരത്ത് വിജനമായ സ്ഥലത്തെ മൂന്നേക്കര്‍ ഭൂമിയിലെ ദമ്മാജ് സലഫി ഗ്രാമം ദുരൂഹതയുടെയും നിഗൂഢതയുടെയും കേന്ദ്രമായി മാറുകയാണ് വീണ്ടും. 2015ല്‍ ഇവിടെ താമസമാക്കിയ വ്യക്തിയുടെ പ്രവൃത്തികളില്‍ സംശയമുണ്ടെന്ന് ഇവിടുത്തെ താമസക്കാരനായ യാസിര്‍ 2016ജൂണ്‍ 23ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. മതവിഷയങ്ങളില്‍ അമിതമായ കാര്‍ക്കശ്യം പുലര്‍ത്തുന്ന ഇദ്ദേഹത്തിന്റെയും ഒപ്പമുള്ളവരുടെയും പ്രവര്‍ത്തനങ്ങളില്‍ ദേശവിരുദ്ധതയുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നായിരുന്നു പരാതി. എന്നാല്‍ ഈ പരാതിയില്‍ പോലീസ് കാര്യമായ അന്വേഷണമൊന്നും നടത്തിയിരുന്നില്ല.
കാസര്‍ഗോഡ്, പടന്ന, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നായി കാണാതായവര്‍ നിലമ്പൂര്‍ അത്തിക്കാട്ടെ സലഫി ഗ്രാമത്തില്‍ പോകാറുണ്ടായിരുന്നുവെന്ന് ഇവരുടെ ബന്ധുക്കള്‍ പോലീസിനോട് വെളിപ്പെടുത്തിയതോടെയാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. നിലമ്പൂരിലെത്തിയവര്‍ ശ്രീലങ്കയിലെ സലഫി കേന്ദ്രത്തിലും പോയിട്ടുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരമുണ്ട്. ശ്രീലങ്കയിലെ മതപണ്ഡിതന്‍ നിലമ്പൂര്‍ അത്തിക്കാട്ടെത്തി മതപഠന ക്ലാസുകള്‍ എടുത്തതായും വിവരമുണ്ട്.
ശ്രീലങ്കയിലെ ചാവേര്‍ സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തിലാണ് അത്തിക്കാട്ടെത്തിയ ശ്രീലങ്കക്കാരെക്കുറിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
നാഷണല്‍ തൗഹീദ് ജമാഅത്ത് നേതാവ് സഹ്‌റാന്‍ ഹാഷിമോ ഇയാളുടെ അനുയായികളോ ഇവിടെയെത്തിയോ എന്ന സാധ്യതയാണ് എന്‍.ഐ.എ പരിശോധിക്കുന്നത്. തൗഹീദ് ജമാഅത്തുമായി ബന്ധമുള്ള 60 മലയാളികളെക്കുറിച്ച് എന്‍.ഐ.എക്ക് വിവരം ലഭിച്ചിട്ടുണ്ട്.
അത്തിക്കാട്ടെ സലഫി ഗ്രാമം ഇടത്താവളമായോ ഒളിയിടമായോ ഉപയോഗിച്ചുവോ എന്നതാണ് കാര്യമായി അന്വേഷിക്കുന്നത്. മുജാഹിദ് വിഭാഗത്തിലെ പിളര്‍പ്പിനു ശേഷം കെ.എന്‍.എം വിഭാഗത്തിനൊപ്പം നിന്ന സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനും മതപണ്ഡിതനുമായ സുബൈര്‍ മങ്കടയാണ് സംഘടന ആവശ്യമില്ലെന്നു പറഞ്ഞ് ദമ്മാജ് സലഫി ആശയവുമായി അത്തിക്കാട്ട് സലഫി ഗ്രാമം ആരംഭിച്ചത്. ചാലിയാര്‍ പുഴയുടെ തീരത്ത് വനത്തോട് ചേര്‍ന്ന വിജനമായ ഭാഗത്ത് മൂന്നേക്കര്‍ ഭൂമി വങ്ങി സാമാന ആശയക്കാരായ 18 കുടുംബങ്ങളുമായി ഇവിടെ പ്രത്യേക വിഭാഗമായി ജീവിക്കുകയായിരുന്നു.
നാലാം നൂറ്റാണ്ടിലെ പ്രവാചക ജീവിതരീതികളും അതേപടി സ്വീകരിച്ച് ഭൗതിക സുഖസൗകര്യങ്ങളില്‍ നിന്ന് അകന്ന് ജീവിച്ചാലേ സ്വര്‍ഗരാജ്യം ലഭിക്കൂ എന്ന വിശ്വാസമായിരുന്നു ഇവര്‍ മുറുകെപിടിച്ചത്. യെമനിലെ ദമ്മാജ് സലഫി വിഭാഗത്തെ മാതൃകയാക്കി ആടുവളര്‍ത്തലും കൃഷി അടക്കമുള്ള ജീവിതരീതിയാണ് ഇവര്‍ സ്വീകരിച്ചത്. പ്രത്യേകം മദ്രസയും പള്ളിയും സ്‌ക്കൂളും ഉണ്ടാക്കി. എന്നാല്‍ പിന്നീട് ഇവരുടെ ഷേക്കായ സുബൈര്‍ മങ്കടയുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായതോടെ സുബൈര്‍ മങ്കടയും ആറു കുടുംബങ്ങളും മൂന്നു വര്‍ഷം മുമ്പ് ഇവിടം വിട്ടുപോയി. ഇപ്പോള്‍ 12 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ചില വീടുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഇങ്ങനെ ഒഴിഞ്ഞുകിടക്കുന്ന ഒരു വീട്ടില്‍ താമസക്കാരായെത്തിയ വര്‍ക്കല സ്വദേശിക്കെതിരെയാണ് എട്ടു വര്‍ഷമായി ഇവിടുത്തെ താമസക്കാരനായ യാസിര്‍ പരാതി നല്‍കിയത്.
ഇപ്പോള്‍ അത്തിക്കാട്ടെ സ്‌കൂള്‍ അടഞ്ഞുകിടക്കുകയാണ്. മൂന്നു വര്‍ഷമായി പള്ളിയില്‍ ജുമുഅ നമസ്‌ക്കാരം നടക്കുന്നില്ല. മലപ്പുറം, ലക്ഷദ്വീപ്, തലശേരി, വര്‍ക്കല എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇപ്പോള്‍ ഇവിടുത്തെ താമസക്കാര്‍. പ്രത്യേക നേതൃത്വമില്ലാതെ വിചിത്രമായ വിശ്വാസവുമായി ജീവിക്കുന്ന കേരളത്തിലെ ദമ്മാജ് സലഫി വിഭാഗത്തില്‍ നിലവില്‍ തീവ്രവാദ ബന്ധങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെങ്കിലും ഇവര്‍ വേഗത്തില്‍ തീവ്രവാദ നിലപാടുകളിലേക്ക് വഴിമാറിപ്പോകാമെന്ന നിഗമനത്തിലാണ് ഇന്റലിജന്‍സ് വിഭാഗങ്ങള്‍. മതപ്രബോധനം എന്ന നിലയില്‍ ഐ.എസ് ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനും സുരക്ഷിത ഇടത്താവളമായും ഉപയോഗിച്ചുവോ എന്നതാണ് എന്‍.ഐ.എ പ്രധാനമായും അന്വേഷിക്കുന്നത്.