പണമില്ല, വിദേശ എംബസികള്‍ അടച്ചുപൂട്ടാനൊരുങ്ങി ശ്രീലങ്ക

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്ക വിദേശത്തെ എംബസികള്‍ അടച്ചുപൂട്ടുന്നു. ഇറാഖ്, നോര്‍വേ, സുഡാന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേതടക്കമുള്ള എംബസികളാണ് ശ്രീലങ്ക അടയ്ക്കുന്നത്. വിദേശ എംബസികളുടെ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ലങ്കന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പ്രതിസന്ധി അതീവ രൂക്ഷമായതോടെ ശ്രീലങ്കന്‍ എണ്ണക്കമ്പനികള്‍ പെട്രോളിന്റെ വില കുത്തനെ കൂട്ടി.

20 ശതമാനം വില വര്‍ധിപ്പിച്ചതോടെ ഒറ്റ ദിവസം കൊണ്ട് പെട്രോള്‍ വില 254 ല്‍ നിന്ന് 303 രൂപയിലേക്കെത്തി. ഇന്ധനക്ഷാമം രൂക്ഷമായതോടെ പവര്‍കട്ട് തുടരുകയാണ്. 40,000 ടണ്‍ ഡീസല്‍ നല്‍കുമെന്ന ഇന്ത്യയുടെ പ്രഖ്യാപനത്തിലാണ് ശ്രീലങ്കയുടെ പ്രതീക്ഷ. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നാളെ ശ്രീലങ്കയിലെത്തുന്നുണ്ട്. മാലിദ്വീപ് സന്ദര്‍ശനത്തിന് ശേഷം ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായാണ് ജയശങ്കര്‍ എത്തുന്നത്. കഴിഞ്ഞാഴ്ച ഇന്ത്യ സന്ദര്‍ശിച്ച ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി കൂടുതല്‍ ഇടപെടല്‍ തേടിയിരുന്നു. ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍, ചൈന രണ്ടായിരം ടണ്‍ അരി ശ്രീലങ്കയിലേക്ക് അയക്കും.

ഇതിനിടെ, നിലവിലെ അവസ്ഥ സംബന്ധിച്ച ലോകബാങ്ക് റിപ്പോര്‍ട്ട് ഇന്ന് ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ആദായനികുതി, വാറ്റ് തുടങ്ങിയവ വര്‍ധിപ്പിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. കടലാസ് ക്ഷാമം രൂക്ഷമായതോടെ കൂടുതല്‍ ന്യൂസ്‌പേപ്പറുകള്‍ ലങ്കയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. വിലക്കയറ്റം രൂക്ഷമായതോടെ കലാപത്തിലേക്ക് നീങ്ങുകയാണ് ലങ്ക. പ്രസിഡന്റ് ഗോതബായ രാജപ്ക്‌സേയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനമായ കൊളംബോയില്‍ ഉള്‍പ്പെടെ ജനങ്ങള്‍ തെരുവിലിറങ്ങി. അക്രമവും കൊലപാതകങ്ങളും കൂടിയതായി റിപ്പോര്‍ട്ടുകളുണ്ട്.

Top