ഭക്ഷണത്തിനും ഇന്ധനത്തിനുമായി നെട്ടോട്ടമോടി ശ്രീലങ്കക്കാര്‍

കൊളംബോ: കടക്കെണി രൂക്ഷമായ ശ്രീലങ്കയില്‍ വൈദ്യുതി പ്രതിസന്ധിയും അതിരൂക്ഷമായി തുടരുന്നു. ഇന്ധനക്ഷാമത്തെ തുടര്‍ന്ന് പവര്‍ക്കട്ട് സമയം വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. വൈദ്യുതി നിരക്കും വര്‍ധിപ്പിക്കും.

ഭക്ഷണത്തിനും ഇന്ധനത്തിനുമായി ജനങ്ങള്‍ തെരുവില്‍ നെട്ടോട്ടമാടുകയാണ്. ആഭ്യന്തര കലാപം മുന്നില്‍ കണ്ട് തലസ്ഥാന നഗരമായ കൊളംബോയിലടക്കം സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇന്ധന ക്ഷാമത്തെ തുടര്‍ന്ന് മണ്ണെണ്ണക്കും പെട്രോളിനും പാചക വാതകത്തിനുമായി മണിക്കൂറുകളോളമാണ് ജനം വരിയില്‍ നില്‍ക്കേണ്ടി വരുന്നത്. കടുത്ത ഇന്ധന പ്രതിസന്ധിയെ തുടര്‍ന്ന് വൈദ്യുതി നിലയങ്ങള്‍ പൂട്ടിയതോടെ കഴിഞ്ഞ ദിവസം 5 മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിയിരുന്നു. ഇത് ആറര മണിക്കൂറായി വര്‍ധിപ്പിച്ചേക്കും. വൈദ്യുതി നിരക്കും കുത്തനെ കൂട്ടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അവശ്യസാധനങ്ങള്‍ക്കെല്ലാം ഇപ്പോഴും തീവിലയാണ് അനുഭവപ്പെടുന്നത്. ഒരു കിലോ അരിയുടെ വില 500 ശ്രീലങ്കന്‍ രൂപയിലെത്തി. 400 ഗ്രാം പാല്‍പ്പൊടിക്ക് 790 രൂപയാണ് വില. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പാല്‍പ്പൊടിയുടെ വിലയില്‍ 250 രൂപയുടെ വര്‍ധനയാണുണ്ടായത്. ഒരു കിലോ പഞ്ചസാരയുടെ വില 290 രൂപയിലെത്തി.

പലയിടങ്ങളിലും സാധനങ്ങളുടെ ലഭ്യതയും ഇല്ലാതായിരിക്കുകയാണ്. രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ട പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരങ്ങളും കൊളംബോയില്‍ ശക്തമാണ്. പ്രതിസന്ധി മറികടക്കാന്‍ ശ്രീലങ്ക ലോകബാങ്കിനോട് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. അതേസമയം അഭയാര്‍ഥി പ്രവാഹമുണ്ടാകുമെന്ന സൂചനകളെ തുടര്‍ന്ന് പാക് കടലിടുക്കില്‍ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അഭയാര്‍ഥികളായെത്തുന്ന ശ്രീലങ്കന്‍ തമിഴരെ സ്വീകരിക്കുമെന്ന് തമിഴ്‌നാട് പ്രഖ്യാപിച്ചു.

 

Top