ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവെച്ചെന്ന് അഭ്യൂഹം; നിഷേധിച്ച് ഓഫീസ്

കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവെച്ചതായി സൂചന. പ്രസിഡന്റും സഹോദരനുമായ ഗോതബായ രാജപക്സെയ്ക്ക് മഹിന്ദ രാജിക്കത്ത് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, രാജപക്സെ രാജിവെച്ചിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മഹീന്ദ, പ്രസിഡന്റിന് രാജി കൈമാറിയെന്ന വാര്‍ത്തകള്‍ വാസ്തവമല്ലെന്നാണ് ഓഫീസ് അറിയിച്ചത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയിലെമ്പാടും രാജപക്സെ സര്‍ക്കാരിനെതിരേ വന്‍പ്രതിഷേധമാണ് നടക്കുന്നത്. ഭക്ഷണം, ഇന്ധനം, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയ്ക്ക് കടുത്തക്ഷാമമാണ് നേരിടുന്നത്. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് ഇത്തരമൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതെന്നാണ് ആരോപണം. 2019-ലാണ് ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്സെ അധികാരമേല്‍ക്കുന്നത്.

പ്രസിഡന്റ് ഗോതബായ രാജപക്‌സെയ്‌ക്കെതിരായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ശ്രീലങ്കയില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് കര്‍ഫ്യൂ ലംഘിച്ച പ്രതിഷേധക്കാര്‍ക്കെതിരേ പോലീസ് നടപടികളും അരങ്ങേറിയിരുന്നു. കര്‍ഫ്യൂ ലംഘിച്ചതിന് ഇതുവരെ 664 പേര്‍ അറസ്റ്റിലായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ശനിയാഴ്ച മുതല്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, വാട്ട്‌സ് ആപ്പ്, യു ട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Top