ശ്രീനഗര്‍: 35 വർഷത്തിന് ശേഷം ശ്രീനഗറില്‍ ദയാനന്ദ് ആര്യ വിദ്യാലയ (ഡിഎവി) പ്രവര്‍ത്തനം പുനരാരംഭിച്ചു. ശ്രീനഗറിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളില്‍ ഒന്നാണിത്. ഓൾഡ് സിറ്റിയിലെ മഹാരാജ് ഗഞ്ച് പ്രദേശത്താണ് ഡിഎവി പബ്ലിക് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
മുന്‍പ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്ന അതേ സ്ഥലത്ത് അതേ കെട്ടിടത്തില്‍ അതേ മാനേജ്മെന്റിനു കീഴിലാണ് ദയാനന്ദ് ആര്യ വിദ്യാലയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചതെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ സമീന ജാവേദ് പറഞ്ഞു. അതേ സ്ഥലത്തും കെട്ടിടത്തിലും സ്കൂൾ പുനരാരംഭിക്കുന്നത് എളുപ്പമായിരുന്നില്ല. കെട്ടിടം പുതുക്കിപ്പണിയുന്നതും ക്ലാസുകൾ ആരംഭിക്കുന്നതും ഏറെ ശ്രമകരമായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
ദയാനന്ദ ആര്യ വിദ്യാലയ 90കളില്‍ അടച്ചതോടെ മറ്റൊരു വിദ്യാലയം ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ വർഷം ഏപ്രിലിലാണ് ഡിഎവിയുടെ ആദ്യ സെഷൻ ആരംഭിച്ചത്. ഏഴാം ക്ലാസ് വരെ 35 വിദ്യാർത്ഥികള്‍ക്ക് പ്രവേശനം നല്‍കി. ഏഴാം ക്ലാസിന് മുകളിലുള്ള ക്ലാസ്സുകളിലെ കുട്ടികളും പ്രവേശനം തേടി വന്നെങ്കിലും അവരെ ജെഎൻവി റൈനാവാരിയിലേക്ക് റഫർ ചെയ്തെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
മതേതര അന്തരീക്ഷത്തില്‍ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് സഹായകരമാകുന്ന വിദ്യാഭ്യാസം പ്രദാനം ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. സ്കൂൾ വീണ്ടും തുറക്കുന്നതിൽ തുടക്കത്തിൽ വെല്ലുവിളികൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് നല്ല മാറ്റങ്ങളുണ്ടായി. രക്ഷിതാക്കളും സമൂഹവുമെല്ലാം സഹകരിക്കുന്നുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സ്കൂളിലെ കുട്ടികള്‍ സജീവമായി പങ്കെടുക്കുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. പരിസ്ഥിതി ദിനം, യോഗ ദിനം, അധ്യാപക ദിനം എന്നിങ്ങനെ വിവിധ പരിപാടികള്‍ ഇതിനകം സ്കൂളില്‍ നടന്നു. സിലബസിനപ്പുറത്തേക്ക് പഠനം വ്യാപിക്കുകയാണെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.