ന്യൂഡല്‍ഹി: കശ്മീരിലെ ശ്രീനഗറില്‍ നിന്ന് യുഎഇയിലെ ഷാര്‍ജയിലേക്കുള്ള ഗോ ഫസ്റ്റ് യാത്രാവിമാനത്തിനു വ്യോമപാത അനുവദിക്കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു. ഈ റൂട്ടില്‍ യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാരുടെ താല്‍പര്യം പരിഗണിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. യാത്രാനുമതി ലഭിക്കുന്നതിനു നയതന്ത്രമാര്‍ഗങ്ങളിലൂടെ ശ്രമം തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ മാസം കശ്മീര്‍ സന്ദര്‍ശനത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്ത സര്‍വീസാണിത്. ഗോ എയറില്‍ നിന്ന് പേര് മാറ്റി ഗോ ഫസ്റ്റ് ആയ കമ്പനി കഴിഞ്ഞ 23 മുതലാണു സര്‍വീസ് ആരംഭിച്ചത്. 31 വരെ പാക്കിസ്ഥാന്‍ വ്യോമപാതയിലൂടെയാണു വിമാനം പറന്നത്.
ചൊവ്വാഴ്ചത്തെ സര്‍വീസിനു കാരണമൊന്നുമറിയിക്കാതെ പാക്ക് വ്യോമപാത നിഷേധിക്കുകയായിരുന്നു. 12 വര്‍ഷത്തിനു ശേഷമാണ് കശ്മീരില്‍ നിന്ന് യുഎഇയിലേക്കു വിമാന സര്‍വീസ് നടത്തുന്നത്.
പാക്കിസ്ഥാന്റെ വ്യോമപാത നിഷേധിച്ചതിനെ തുടര്‍ന്ന് ശ്രീനഗര്‍- ഷാര്‍ജ വിമാനത്തിന് 45 മിനിറ്റ് അധികമായി പറക്കേണ്ട സാഹചര്യമാണ്. ഗുജറാത്ത് വഴി 45 മിനിറ്റ് കൂടുതല്‍ സമയം ചുറ്റിപ്പറന്നാണു വിമാനം ഷാര്‍ജയിലെത്തിയത്. തല്‍സ്ഥിതി തുടര്‍ന്നാല്‍ ടിക്കറ്റ് ചാര്‍ജ് ഉയര്‍ത്തുന്നതു പരിഗണനയിലാണെന്ന് ഗോ ഫസ്റ്റ് അധികൃതര്‍ അറിയിച്ചു.