ശ്രീനാഥ് ഭാസിക്ക് കുരുക്ക് മുറുകുന്നു, അന്വേഷണം മറ്റൊരു തലത്തിലേക്ക് !

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടോ എന്ന കാര്യത്തെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നു. സിനിമാ മേഖലയിലെ യുവതാരങ്ങൾ ഉൾപ്പെടെ ലഹരിക്ക് അടിമയാണെന്ന വിവരം നേരത്തെ തന്നെ പൊലീസിനുണ്ട്. ഇപ്പാഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇക്കാര്യം കൂടി പരിശോധിക്കാനാണ് തീരുമാനം.

അവതാരകയോട് അപമര്യാദയായി പെരുമാറിയ ശ്രീനാഥ് ഭാസിയുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചാല്‍ മാത്രമേ അദ്ദേഹം എന്തിന്റെ അടിമയാണെന്ന് കണ്ടെത്താന്‍ സാധിക്കൂവെന്ന സിയാദ് കോക്കറുടെ പ്രതികരണത്തെയും ഗൗരവത്തോടെയാണ് പൊലീസ് നോക്കി കാണുന്നത്. ശ്രീനാഥ് ഭാസിക്കെതിരായ മാധ്യമ പ്രവർത്തകയുടെ പരാതി അന്വേഷിക്കുന്ന മരട് സി.ഐ സനൽകുമാർ നിലവിൽ മയക്കു മരുന്നു ലോബിയുടെ കണ്ണിലെ പ്രധാന കരടാണ്. കേരളത്തിലേക്ക് മയക്കു മരുന്ന് എത്തിക്കുന്ന സംഘത്തിന്റെ പ്രധാനിയെ അടുത്തയിടെ കൊച്ചി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ബംഗളുരുവിൽ പോയി അറസ്റ്റ് ചെയ്തു കൊണ്ടു വന്നതും സി.ഐ സനൽകുമാറാണ്.

അവതാരകയോട് മോശമായി പെരുമാറിയതാണ് മരട് സ്‌റ്റേഷനിലെ കേസെങ്കിലും, താരത്തിനെതിരെ കൂടുതൽ ആരോപണം ഉയർന്ന സ്ഥിതിക്ക്, അതും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം. ഇതു സംബന്ധമായ ചില നിർണ്ണായക വിവരങ്ങൾ സിനിമാ മേഖലയിൽ നിന്നു തന്നെ ഇതിനകം പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഇതിനിടെ തനിക്കെതിരായ കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ സാവകാശം തേടിയ നടൻ ശ്രീനാഥ് ഭാസിയെ പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യംചെയ്യലിനു ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

ശ്രീനാഥ് ഭാസി പ്രകോപിതനാകാനുള്ള കാരണം വ്യക്തമാകുന്നതിനായി അഭിമുഖത്തിന്റെ വീഡിയോ ദൃശ്യം ഹാജരാക്കാനും പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഹാജരാക്കിയില്ലങ്കിൽ ഹാർഡ് ഡിസ്ക്ക് പിടിച്ചെടുക്കും. മറ്റൊരു അഭിമുഖത്തിൽ നടൻ അവതാരകനെ യാതൊരു പ്രകോപനവുമില്ലാതെ അസഭ്യം പറയുന്നതിന്റെ വീഡിയോ ദൃശ്യവും പൊലീസിന് ലഭിച്ചിട്ടുണ്ട്. നല്ല ബോധത്തോടെയല്ല ശ്രീനാഥ് ഭാസി പെരുമാറുന്നതെന്നതിന് ഇതും ഒരു പ്രധാന തെളിവാണ്. ഇതുകൂടി മുൻനിർത്തിയാകും ശ്രീനാഥ് ഭാസിയെ ചോദ്യംചെയ്യുക എന്നാണ് അറിയുന്നത്. ശ്രീനാഥ് ഭാസിക്ക് ഒപ്പമുള്ളവരും ഇടപെടുന്നവരും ഇപ്പോൾ തന്നെ പൊലീസ് നിരീക്ഷണത്തിലാണ്.

Top