ചിലപ്പോൾ ആ നിർണായക നിമിഷത്തിലേക്കു ചെന്നെത്താൻ 5 മിനിറ്റ് മതിയാകും, പക്ഷേ അതിനു പിന്നിലെ പഠനവും പ്രയത്നത്തിനും മാസങ്ങളുടെ കണക്കുപറയാനുണ്ടെന്നു ശ്രീറാം. ലളിതമായി പറയുകയാണെങ്കിൽ ഗൂഗിൾ പോലുള്ള കമ്പനികളുടെ വിവിധ സേവനങ്ങൾ ഹാക്ക് ചെയ്യാനുള്ള വഴികൾ കണ്ടുപിടിക്കുകയും എന്നാൽ അതു ദുരുപയോഗം ചെയ്യാതെയും മറ്റാരെയും അതിനനുവദിക്കാതെയും റിപ്പോർട്ട് ചെയ്യുകയെന്നതാണ് ശ്രീറാമിനെപ്പോലെയുള്ള ബഗ് ഹണ്ടേഴ്സ് ചെയ്യുന്നത്. സാധാരണ ഗതിയിൽ അതിനു ഗൂഗിൾ പ്രതിഫലവും നൽകും.
എന്നാൽ ഒരുപടികൂടി കടന്നു, എങ്ങനെ ഈ സുരക്ഷാ വീഴ്ച കണ്ടെത്തിയെന്നുള്ള വിവരണം പ്രസിദ്ധീകരിച്ചാണ് ശ്രീറാമും സുഹൃത്തു അശോകം ചേർന്നു മൂന്നു സമ്മാനങ്ങളും നേടിയത്. 1,35,979 യുഎസ് ഡോളർ (ഏകദേശം 1.11 കോടി ഇന്ത്യൻ രൂപ) സമ്മാനം നേടി. ഗൂഗിൾ സേവനങ്ങളിലെ പിഴവുകൾ കണ്ടെത്തി പ്രസിദ്ധീകരിക്കുന്ന വൾനറബിലിറ്റി റിവാർഡ് പ്രോഗാം– 2022 ൽ 2,3,4 സ്ഥാനങ്ങളാണു തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ ശ്രീറാം നേടിയത്.
സ്ക്വാഡ്രൻ ലാബ്സ് എന്ന സ്റ്റാർട്ടപ് നടത്തുകയാണ് ശ്രീറാം. 2022ൽ ഗൂഗിളിലെ 2900ൽ അധികം സുരക്ഷാ പ്രശ്നങ്ങളാണ് കണ്ടെത്തി പരിഹരിച്ചത്. 12 മില്യണിലധികം ബൗണ്ടി റിവാർഡുകളും നൽകി. അതായത് ഗൂഗിൾ കഴിഞ്ഞ വർഷംതന്നെ നൽകിയത് ഏകദേശം 100 കോടിയോളം രൂപയാണ്.
ഗൂഗിൾ ക്ലൗഡിന്റെ സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഗവേഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും ക്ലൗഡ് വൾനറബിലിറ്റി ഗവേഷണത്തെക്കുറിച്ചുള്ള അറിവ് ലോകവുമായി പങ്കിടുന്നതിനുമായിരുന്നു Google Cloud VRP എന്ന മത്സരം സംഘടിപ്പിച്ചത്. ഗൂഗിൾ ക്ലൗഡ് എഞ്ചിനിലെ സെക്യുർ ഷെൽ കീയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലെ റിപ്പോർട്ടിനാണ് രണ്ടാം സ്ഥാനം നേടിയത്. ഏകദേശം 73,331 ഡോളർ( ഇത് റിപ്പോർട്ട് ചെയ്തതിനു 6000 ഡോളർ ബൗണ്ടിയും ലഭിച്ചിരുന്നു).
ക്ളൗഡ് വർക്സ്റ്റേഷനിലെ ഓതറൈസേഷനുമായി ബന്ധപ്പെട്ട റിപ്പോർട്ടിനു 31337 ഡോളറും ലഭിച്ചു( ഇത് റിപ്പോർട്ട് ചെയ്തപ്പോൾ ഗൂഗിൾ 3133.70 ഡോളർ സമ്മാനം നൽകി). വെർടെക്സ് എഐ യൂസേഴ്സിനെ കുഴപ്പ്തതിലാക്കാൻ കഴിയുന്നു സംവിധാനത്തെക്കുറിച്ചുള്ള റിപ്പോർട്ട് നാലാം സ്ഥാനവും നേടി(5000 സമ്മാനം ലഭിച്ചിരുന്നു). 3 റിപ്പോർട്ടുകളുടെ മാത്രം സമ്മാനങ്ങളുടെയും തുകയാണ് ഏകദേശം ഒരു കോടി രൂപയോളം വരുന്നത്.
സൈബർ ആക്രമണങ്ങളില്‍നിന്നു സ്ഥാപനങ്ങളെ സംരക്ഷിക്കുകയാണു കാനഡയിൽ റജിസ്റ്റർ ചെയ്ത സ്ക്വാഡ്രൻ ലാബ്സ് ചെയ്യുന്നത്. നിങ്ങളുടെ ദൗർബല്യങ്ങൾ ഹാക്കേഴ്സിനു മുൻപ് അറിയൂ എന്നതാണ് സ്ക്വാഡ്രൻ ലാബിന്റെ പരസ്യവാചകം തന്നെ. കെ.കൃഷ്ണമൂർത്തിയുടെയും കെ.ലിജിയുടെയും മകനാണു ശ്രീറാം.