മറവി രോഗം തുടർന്നാൽ ഇനി ശ്രീറാമിന് ഐ.എ.എസ് പദവി തന്നെ നഷ്ടമാകും !!

കൊടും പേമാരിക്കിടയിലും ആ മുഖം നാം മറന്ന് പോകരുത്. അതുവഴി ഒരു കുറ്റവാളിയും രക്ഷപ്പെടുകയുമരുത്. മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തിന് ഉത്തരവാദികളായവരും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചവരും ശിക്ഷിക്കപ്പെടുക തന്നെ വേണം.

പ്രളയ ദുരന്തത്തെ മറയാക്കി ശ്രീറാം വെങ്കിട്ടരാമനെ ആര് രക്ഷിക്കാന്‍ ശ്രമിച്ചാലും അത് ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. അപകടം നടന്ന ഉടനെ നിയമപരമായ നടപടി സ്വീകരിക്കാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി അനിവാര്യമാണ്. എസ്.ഐക്കും സി.ഐക്കും ഈ ഉത്തരവാദിത്വത്തില്‍ നിന്നും ഒരിക്കലും ഒഴിഞ്ഞു മാറാന്‍ കഴിയില്ല.

മെഡിക്കല്‍ പരിശോധനക്ക് ശ്രീറാമിനെ വിധേയമാക്കാതെ സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞ് വിട്ടത് ഐ.എ.എസ് പേടിയിലായിരുന്നുവെങ്കില്‍ അതിന് എസ്.ഐയും സി.ഐയും മറുപടി പറയണം. അതല്ലെങ്കില്‍ അസി.കമ്മീഷണര്‍ മുതല്‍ കമ്മീഷണര്‍ വരെ സിറ്റി ഭരിക്കുന്നവര്‍ പറഞ്ഞിട്ടാണെങ്കില്‍ അക്കാര്യവും പുറത്ത് വരണം. ഇക്കാര്യത്തിനായി ഉദ്യോഗസ്ഥരുടെ കോള്‍ വിശദാംശം പരിശോധിക്കാന്‍ അന്വേഷണ സംഘവും തയ്യാറാകണം. വയര്‍ലെസിലൂടെ എന്തായാലും അത്തരമൊരു നിര്‍ദ്ദേശം പോയിട്ടില്ലെന്ന് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്.

മാധ്യമ പ്രവര്‍ത്തകന്‍ അര്‍ദ്ധരാത്രി വാഹനമിടിച്ച് കൊല്ലപ്പെട്ട വിവരം അറിഞ്ഞ ഉടനെ തുടര്‍ നടപടിക്ക് അസി.കമീഷണര്‍ക്കും ഡി.സി.പിക്കും നിര്‍ദ്ദേശം നല്‍കാമായിരുന്നതാണ്. അതുണ്ടായോ എന്ന കാര്യവും പ്രത്യേക സംഘം പരിശോധിക്കണം. കാരണം ക്രമസമാധാന ചുമതലയുള്ള ഈ ഉദ്യോഗസ്ഥരെയാണ് സംഭവം ആദ്യം കീഴുദ്യോഗസ്ഥര്‍ അറിയിക്കേണ്ടിയിരുന്നത്. അര്‍ദ്ധരാത്രി ആയത് കൊണ്ട് അറിയിച്ചില്ല, അറിഞ്ഞില്ല എന്നൊക്കെ പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് ഐ.എ.എസുകാരന്‍ ഓടിച്ച വാഹനം ഇടിച്ച് ഒരു വ്യക്തി മരണപ്പെട്ടാല്‍ സ്വാഭാവികമായും രാത്രി തന്നെ വിവരം മേലുദ്യോഗസ്ഥരെ അറിയിക്കേണ്ടതാണ്. അതാണ് പൊലീസ് പിന്‍തുടരാറുള്ള രീതി.

സിറ്റി പൊലീസ് കമ്മീഷണര്‍ ദിനേന്ദ്ര കശ്യപിനാണ് തിരുവനന്തപുരം നഗരത്തിലെ ക്രമസമാധാന ചുമതല. ഏറ്റവും സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനാണ് അദ്ദേഹം. കമ്മീഷണറെ മറികടന്ന് ഈ സംഭവത്തില്‍ ഇടപെടല്‍ നടത്താന്‍ മറ്റൊരു ഉദ്യോഗസ്ഥനും കഴിയുകയുമില്ല. പൊലീസ് സിസ്റ്റത്തെ കുറിച്ച് അറിയുന്ന എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണിത്. പിന്നെ എന്താണ് സംഭവിച്ചത് എന്നാണ് ഇനി അറിയേണ്ടത്. അതു കൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഒരു വ്യക്തത അനിവാര്യമാണ്.

അപകടം നടന്ന ഉടനെ തന്നെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഉള്‍പ്പെടെ കമ്മീഷണറുടെ മേശപ്പുറത്ത് എത്തിയിട്ടുമുണ്ടാകും. എന്തൊക്കെ തുടര്‍ നടപടികള്‍ വിഷയത്തില്‍ സ്വീകരിച്ചു എന്നത് കമ്മീഷണറാണ് വ്യക്തമാക്കേണ്ടത്.ഐ.എ.എസ് ഓഫീസറാണ് വാഹനം ഓടിച്ചത് എന്നറിഞ്ഞപ്പോള്‍ സല്യൂട്ടടിച്ച് അമിതമായ യജമാന ഭക്തി കാണിക്കുകയായിരുന്നു പൊലീസ് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന മറ്റൊരു വിവരം.

വാഹനമോടിച്ച വ്യക്തി മദ്യപിച്ചിരുന്നു എന്ന കാര്യം ശ്രീറാം വെങ്കിട്ടരാമനെ പരിശോധിച്ച ഡോക്ടര്‍ തന്നെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. കേസിലെ നിര്‍ണ്ണായക മൊഴിയാണിത്. മദ്യത്തിന്റെ മണമുണ്ട് എന്ന് അദ്ദേഹം കേസ് ഷീറ്റില്‍ രേഖപ്പെടുത്തിയിട്ടും രക്തം പരിശോധിപ്പിക്കാന്‍ തയ്യാറാകാതിരുന്ന ഉദ്യോഗസ്ഥന്റെ ഭാഗത്ത് വലിയ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. ശ്രീറാമിന് ഈ കേസില്‍ നിന്നും ഊരി പോകാനുള്ള വലിയ പഴുതാണിത്.

സാധാരണക്കാരനായ ഒരു വ്യക്തിയാണ് വാഹനം ഓടിച്ചതെങ്കില്‍ എപ്പോഴേ അഴിക്കുള്ളിലാവുമായിരുന്നു. സാധാരണക്കാര്‍ക്ക് ഒരു നിയമം ഉദ്യോഗസ്ഥര്‍ക്ക് മറ്റൊരു നിയമം എന്ന നിലപാട് എന്തായാലും അംഗീകരിക്കാന്‍ കഴിയുന്നതല്ല.സത്യസന്ധനായ ഉദ്യാഗസ്ഥനെന്ന പ്രതിച്ഛായയുണ്ടായിരുന്ന ശ്രീറാമിന്റെ വിശ്വാസ്യതയും ഇവിടെ തകര്‍ന്നു കഴിഞ്ഞു. അപകടമുണ്ടായത് മുതല്‍ ശ്രീറാം വെങ്കിട്ടരാമന്‍ സ്വീകരിച്ച നിലപാടുകള്‍ അദ്ദേഹത്തിന്റെ ഇമേജിന് നേരെ വിപരീതമാണ്.

നിയമത്തെ കുറിച്ച് വ്യക്തമായി അറിയുന്ന ഒരാള്‍, അതും ഡോക്ടറായ ഐ.എ.എസുകാരന്‍ ഒരിക്കലും ഇങ്ങനെ പ്രവര്‍ത്തിക്കരുതായിരുന്നു. തെളിവുകള്‍ നശിപ്പിച്ചതിന് ശ്രീറാമിനും ബന്ധപ്പെട്ട മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ ശക്തമായി നടപടിയാണ് വേണ്ടത്. ഇപ്പോള്‍ ശ്രീറാം വെങ്കിട്ടരാമന് മറവിരോഗമുണ്ടെന്ന വിവരമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും പുറത്ത് വരുന്നത്. നിയമ നടപടിയില്‍ നിന്നും ഊരാനുള്ള നാടകത്തിന് ഡോക്ടര്‍മാരും കൂട്ട് നില്‍ക്കുകയാണോ എന്ന സംശയം ഉയര്‍ത്തുന്ന കാര്യമാണിത്.

ഏതെങ്കിലും ഒരു പ്രത്യേക സംഭവം പൂര്‍ണ്ണമായും ഓര്‍ത്തെടുക്കാന്‍ പറ്റാത്ത ‘റെട്രോഗ്രേഡ് അംനീഷ്യ’ ശ്രീറാമിന് ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒരു ഡോക്ടര്‍ കൂടിയായ ശ്രീറാമിന് എവിടെ എന്ത് പറഞ്ഞാല്‍ രക്ഷപ്പെടാന്‍ കഴിയുമെന്ന് ശരിക്കും അറിയാവുന്നതുമാണ്. അതുകൊണ്ട് തന്നെയാണ് അപകടമുണ്ടായ ഉടനെ അദ്ദേഹം സ്വകാര്യ ആശുപത്രിയെ സമീപിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ മറവിരോഗം സംബന്ധിച്ചും സംശയങ്ങള്‍ ഉയരുന്നത് സ്വാഭാവികമാണ്.

ഒരു ആഘാതം സംഭവിച്ച് കഴിഞ്ഞ ശേഷമാണ് ഇങ്ങനെ ഒരു അവസ്ഥ വരുന്നതെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. ആഘാതത്തില്‍ നിന്നും മുക്തനാകുമ്പോള്‍ ശ്രീറാമിന് ഈ ഓര്‍മകള്‍ തിരികെ ലഭിക്കാനും ചിലപ്പോള്‍ എന്നെന്നേക്കുമായി മറക്കാനും സാധ്യതയുണ്ടെന്നാണ് അവരുടെ അഭിപ്രായം.അതേസമയം മറവിരോഗം മറാത്ത സാഹചര്യം ഉണ്ടായാല്‍ അത് ശ്രീറാം വെങ്കിട്ടരാമന്റെ ഐ.എ.എസ് പദവിയെ തന്നെ ബാധിക്കാനും സാധ്യതയുണ്ട്.

മറവി രോഗമുള്ള ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ എങ്ങനെ നില നിര്‍ത്തുമെന്ന ചോദ്യവും പ്രസക്തമാണ്. മെഡിക്കല്‍ പരിശോധനയില്‍ പൂര്‍ണ്ണമായും അസുഖം മാറിയെന്ന് വ്യക്തമാകാതെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഇനി സംസ്ഥാന സര്‍ക്കാറിനും കഴിയില്ല. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് പോലും സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുകയുമില്ല.

Express View

Top