തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ പ്രതിയായ വാഹനാപകടകേസില്‍ സിസി ടിവി പ്രവര്‍ത്തിച്ചില്ലെന്ന പൊലീസ് വാദം തെറ്റെന്ന് വിവരാവകാശ രേഖ. മ്യൂസിയം റോഡ്, രാജ്ഭവന്‍ ഭാഗങ്ങളില്‍ പൊലീസിന്റെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമെന്നും അപകടം നടന്ന ദിവസം ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നതായും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
അപകടം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ ഇല്ലെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ക്യാമറ കേടായതിനാല്‍ ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്നായിരുന്നു വാദം. എന്നാല്‍, ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ചിരിക്കുന്ന മറുപടി.
മ്യൂസിയം പരിസരത്തെ ക്യാമറ പ്രവര്‍ത്തനസജ്ജമാണെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് പൊലീസ് നല്‍കിയിരിക്കുന്ന മറുപടി. കഴിഞ്ഞ മാസം 27നാണ് ഈ മറുപടി പൊലീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍, അപകടം നടന്ന സമയത്ത് ക്യാമറ കേടായിരുന്നു എന്ന വാദത്തിലാണ് പൊലീസ് ഇപ്പോഴും ഉറച്ചുനില്‍ക്കുന്നത്. ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായ ശേഷമാണ് വിവരാവകാശ അപേക്ഷ ലഭിച്ചതെന്നും ഇപ്പോള്‍ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് പൊലീസിന്റെ വിശദീകരണം.
തലസ്ഥാന നഗരിയില്‍ ആകെ 233 ക്യാമറകള്‍ ഉള്ളതില്‍ 144 ക്യാമറകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഉള്‍പ്പെടുന്നതാണ് മ്യൂസിയത്തെയും രാജ്ഭവന് സമീപത്തെയും ഈ ക്യാമറകള്‍. അതുകൊണ്ട് തന്നെ അപകടത്തെ കുറിച്ചുള്ള നിര്‍ണായക തെളിവുകള്‍ ആ ക്യാമറയിലുണ്ടായിരുന്നെന്നാണ് വിവരം. അത് കൃത്യമായി ശേഖരിച്ചില്ല എന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.