കാസ്റ്റിംഗ് കൗച്ചിന്റെ പേരില്‍ തമിഴ് സിനിമയിലെ പല പ്രമുഖ താരങ്ങളുടെയും പേര് വെളിപ്പെടുത്തി വിവാദം സൃഷ്ടിച്ച നടിയാണ് ശ്രീറെഡ്ഡി. നടന്‍ വിശാലിനെതിരെയും ശ്രീ ആരോപണമുന്നയിച്ചിരുന്നു. വിശാല്‍ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ശ്രീ പറഞ്ഞിരുന്നു. എന്നാല്‍ വിഷയത്തില്‍ ശ്രീറെഡ്ഡി വിശാലിനോട് മാപ്പു പറഞ്ഞെന്നാണ് പുതിയ റിപ്പോര്‍ട്ട്.
‘ആക്ടേഴ്‌സ് അസോസിയേഷനിലെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പ്രശ്‌നങ്ങളെല്ലാം നിങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. ഞാന്‍ എന്തെങ്കിലും തെറ്റായി പറഞ്ഞിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. അത് എന്റെ സ്വഭാവമാണ്. തമിഴ് ആക്ടേഴ്‌സ് അസോസിയേഷനും വിശാലും ചേര്‍ന്ന് ഈ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നു’ ശ്രീറെഡ്ഡി പറഞ്ഞു.
എന്നാല്‍ സംഘടനയിലെ ചില അംഗങ്ങളുമായുള്ള കൂടിയാലോചനയ്ക്കു ശേഷം വിശാല്‍ ശ്രീറെഡ്ഡിക്കെതിരെ നിയമപരമായ നീക്കത്തിന് ഒരുങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വിശാല്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.