Srivastava will be advice to police officer appointment

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥതല നിയമനങ്ങളിലും പുതിയ ആഭ്യന്തര വകുപ്പു ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ യുടെ ഉപദേശം സര്‍ക്കാര്‍ തേടും.

നിലവില്‍ നടത്തിയ പല നിയമനങ്ങളും സര്‍ക്കാരിനു തന്നെ പിന്നീട് തലവേദന സൃഷ്ടിച്ച സഹചര്യത്തില്‍ പാര്‍ട്ടി തല നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമ്പോള്‍ തന്നെ രമണ്‍ ശ്രീവാസ്തവയുടെയും അഭിപ്രായങ്ങള്‍ തേടുമെന്നാണ് സൂചന.

സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ച് സെന്‍കുമാറിന് വരേണ്ട സാഹചര്യമുണ്ടായാല്‍ സര്‍ക്കാറിന്റെയും ഡിജിപിയുടെയും ഇടയിലെ ‘പാലവും ‘ ഈ മുന്‍ പൊലീസ് മേധാവിയായിരിക്കും.

പൊലീസില്‍ നടപ്പാക്കേണ്ട ആധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ മറ്റു നിര്‍ദ്ദേശങ്ങളും രമണ്‍ ശ്രീവാസ്തവ നല്‍കും.

ചീഫ് സെക്രട്ടറി റാങ്കിലാണ് നിയമനമെന്നതിനാല്‍ സാമ്പത്തിക നേട്ടം മാറ്റി നിര്‍ത്തിയാല്‍ മറ്റ് എല്ലാ പരിഗണനയും അദ്ദേഹത്തിനു ലഭിക്കും.

നിലവിലെ പൊലീസ് മേധാവി ലോക് നാഥ് ബഹ്‌റക്ക് പൊലീസില്‍ നിയന്ത്രണമില്ലാത്ത സ്ഥിതിയാണെന്ന് സിപിഎമ്മിനകത്തും സര്‍ക്കാറിലും അഭിപ്രായമുയര്‍ന്ന സാഹചര്യത്തിലാണ് രമണ്‍ ശ്രീവാസ്തവയെ ഉപദേശകനായി നിയമിക്കാന്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും ധാരണയിലെത്തിയത്.

2005ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായ രമണ്‍ ശ്രീവാസ്തവയെ പിന്നീട് ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും തുടരാന്‍ അനുവദിക്കുകയായിരുന്നു.

നിലവില്‍ മറ്റ് വിവിധ മേഖലകളിലായി ആറ് ഉപദേഷ്ടാക്കളെ പിണറായി അധികാരത്തില്‍ വന്നതിനു ശേഷം നിയമിച്ചിരുന്നു.

Top