ഇന്ത്യയുടെ പുതിയ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ്3ഡിആറിന്റെ ( INSAT3DR ) വിക്ഷേപണം വിജയിച്ചു.
ആന്ധ്രപ്രദേശ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാംവിക്ഷേപണത്തറയില്‍ നിന്ന് ജിഎസ്എല്‍വി എഫ്05 ( GSLVF05 ) റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്.
വൈകിട്ട് 4.50 ന് കുതിച്ചുയര്‍ന്ന ജിഎസ്എല്‍വി റോക്കറ്റ് ഉപഗ്രഹത്തെ ബഹിരാകാശത്ത് എത്തിച്ചു. പിന്നീട് ഉപഗ്രഹത്തിനൊപ്പമുള്ള പ്രൊപ്പലന്റാണ് ഭൂസ്ഥിര ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ സുരക്ഷിതമായി സ്ഥാപിച്ചത്.
നേരത്തെ നിശ്ചയിച്ചതിലും 40 മിനിറ്റ് വൈകിയാണ് വിക്ഷേപണം നടന്നത്. വിക്ഷേപണം വിജയകരമായെന്ന വിവരം 5.15 ഓടെ ട്വിറ്ററും ഫെയ്‌സ്ബുക്കും വഴി ഐഎസ്ആര്‍ഒ അറിയിച്ചു.
ഉപഗ്രഹ നിര്‍മാണ, വിക്ഷേപണ രംഗത്ത് ഇന്ത്യയുടെ ശക്തി ഉറപ്പിക്കുന്നതാണ് ഈ വിക്ഷേപണ വിജയമെന്ന് ഐഎസ്ആര്‍ഒ കേന്ദ്രങ്ങള്‍ പറഞ്ഞു.
‘ചന്ദ്രയാന്‍രണ്ട്’ അടക്കമുള്ള പദ്ധതികള്‍ക്ക് ജിഎസ്എല്‍വി റോക്കറ്റുകളെയാണ് ഐഎസ്ആര്‍ഒ ആശ്രയിക്കുന്നത്. 415 ടണ്‍ ആണ് റോക്കറ്റിന്റെ ഭാരം.
ഇന്‍സാറ്റ്3ഡിആര്‍ ഉപഗ്രഹവും പ്രൊപ്പലന്റും ഉള്‍പ്പെടെ ഭാരം 2,211 കിലോഗ്രാമാണ്. പിഎസ്എല്‍വി റോക്കറ്റിന് ഇത്രയും ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കാന്‍ കഴിയാത്തതു കൊണ്ടാണ് ജിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ചത്.
ഭാരമേറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്ത ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന വിക്ഷേപണ വാഹനമാണ് ജിഎസ്എല്‍വി.
കൂടാതെ ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന പിഎസ്എല്‍വി റോക്കറ്റില്‍ വിദേശരാജ്യങ്ങള്‍ക്കുള്ള വിശ്വാസം ജിഎസ്എല്‍വിയിലും നേടിയെടുക്കാന്‍ ഈ വിക്ഷേപണ വിജയത്തിലൂടെ കഴിയുമെന്ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു.
ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണരംഗത്ത് വന്‍മുന്നേറ്റമാകും ഇന്‍സാറ്റ് 3ഡിആറിന്റെ വിക്ഷേപണം.