തിരുവനന്തപുരം: എസ്എസ്എല്‍സി-ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ക്ക് നാളെ തുടക്കമാകുമ്പോള്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളൊരുക്കി സര്‍ക്കാര്‍. കോവിഡ് വ്യാപനവും ലോക്ക്ഡൗണും കാരണം മാറ്റിവച്ച പരീക്ഷകളാണ് നാളെ നടക്കാനിരിക്കുന്നത്. സ്‌കൂളുകള്‍ക്ക് മുമ്പിലെ തിരക്ക് ഒഴിവാക്കാനായി പരീക്ഷാ കേന്ദ്രങ്ങളില്‍ പൊലീസിനെ വിന്യസിക്കും. വനിതാ പൊലീസുകാരെയും ഡ്യൂട്ടിക്കായി വിന്യസിക്കും. കുട്ടികളെ സ്‌കൂളുകളില്‍ എത്തിക്കാനായി പൊലീസ് വാഹനങ്ങള്‍ ഉപയോഗിക്കും.
മാസ്‌ക്കുകള്‍ ധരിച്ചും കൈകള്‍ അണുവിമുക്തമാക്കിയും സാമൂഹ്യ അകലം പാലിച്ചുമായിരിക്കും വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുക. അതിതീവ്ര കേന്ദ്രങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് പ്രത്യേകം ഇരിപ്പിടമുണ്ടാകും. നാളെ ഉച്ചക്ക് ശേഷം എസ്എസ്എല്‍സി കണക്ക് പരീക്ഷ, രാവിലെ വിഎച്ച് എസ് സി പരീക്ഷ, മറ്റന്നാള്‍ എസ്എസ്എല്‍സിക്കൊപ്പം ഹയര്‍സെക്കണ്ടറി പരീക്ഷകളുമായിരിക്കും നടക്കുക. ആകെ 13,72012 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫിലുമായി എസ്എസ്എല്‍സിക്ക് ആകെ 2945 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.
എല്ലാ വിദ്യാര്‍ത്ഥികളെയും ഐ ആര്‍ തെര്‍മോമീറ്റര്‍ ഉപയോഗിച്ച് പരിശോധിച്ച ശേഷമായിരിക്കും സ്‌കൂളിലേക്ക് കടത്തിവിടുക, ഒരു മുറിയില്‍ പരമാവധി 20 പേര്‍ മാത്രമായിരിക്കും ഉണ്ടാവുക. പരീക്ഷാകേന്ദ്രങ്ങള്‍ അണുവിമുക്തമാക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക്കുകള്‍ നല്‍കുകയും ചെയ്തു. കുട്ടികളെ രക്ഷിതാക്കള്‍ക്ക് സ്വന്തം വാഹനത്തില്‍ കൊണ്ടുവരാം.
വാഹന സൗകര്യം ഉറപ്പാക്കാനുള്ള ചുമതല സ്‌കൂള്‍ അധികൃതര്‍ക്കാണ്. ചില റൂട്ടുകളിലേക്ക് സഹായത്തിന് കെഎസ്ആര്‍ടിസിയുമുണ്ടാകും. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയ 10920 കുട്ടികള്‍ക്ക് പരീക്ഷാകേന്ദ്രം മാറ്റി അനുവദിച്ചു. അതി തീവ്ര മേഖലയിലെ പരീക്ഷാ നടത്തിപ്പാണ് ഇപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം ദിവസവും കൂടുന്നതാണ് പ്രശ്‌നം. അതീതീവ്രമേഖലകളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷയോടെ പരീക്ഷ നടത്താമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം.