st-josephs-central-school-mundakayam

മുണ്ടക്കയം: ശബരിമലയില്‍ പോകാന്‍ വ്രതമെടുത്തിരുന്ന കുട്ടിയുടെ മുടി സ്‌കൂള്‍ അധികൃതര്‍ ബലമായി മുറിച്ചുനീക്കിയതായി പരാതി. മുണ്ടക്കയം സെന്റ് ജോസഫ് സെന്‍ട്രല്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ യുവിന്‍ സജിയുടെ മുടിയാണ് ഇന്നലെ രാവിലെ പത്തരയോടെ ക്ലാസ് ടീച്ചറുടെ നേതൃത്വത്തില്‍ ബാര്‍ബറെ വിളിച്ചുവരുത്തി വെട്ടിയത്.

ഇതിനെ സംബന്ധിച്ച് യുവിന്റെ പിതാവ് സജി പറയുന്നത് ഇങ്ങനെ:-

ഈ വര്‍ഷം യുവിനെ ശബരിമലയില്‍ കൊണ്ടുപോകാമെന്ന നേര്‍ച്ച ഉണ്ടായിരുന്നതാണ്. ഇതിനോടനുബന്ധിച്ച് യുവിന്‍ വ്രതമനുഷ്ഠിക്കുകയായിരുന്നു. വ്യാഴാഴ്ച ശബരിമലയ്ക്ക് പോകാനിരിക്കെയാണ് ഇന്നലെ സ്‌കൂളില്‍ ടീച്ചറുടെ നേതൃത്വത്തില്‍ കുട്ടിയുടെ മുടി മുറിച്ചത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ഫോണില്‍ യുവിന്റെ ക്ലാസ് ടീച്ചര്‍ തന്നെ വിളിച്ച് അവന്‍ മുടി വളര്‍ത്തി വരുന്നതിനാല്‍ ബാര്‍ബറെ വിളിച്ച് മുടിവെട്ടിയെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് താന്‍ സ്‌കൂളിലെത്തിയപ്പോള്‍, തെറ്റുപറ്റിപ്പോയെന്നും പ്രശ്‌നം പരിഹരിക്കണമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

എന്നാല്‍ സ്‌കൂളില്‍ മകന്‍ അനുഭവിച്ച മാനസിക ബുദ്ധിമുട്ട് അറിയാവുന്നത് കൊണ്ട് ഒത്തുതീര്‍പ്പിന് തയ്യാറായില്ല. കൂടാതെ വിഷയം വിവാദമാകുമെന്ന് കണ്ട് ശബരിമല വ്രതം അനുഷ്ഠിക്കുന്നില്ലെന്ന് മകനെക്കൊണ്ട് പറയിപ്പിക്കുകയും, ഫോണില്‍ റെക്കോഡ് ചെയ്‌തെടുത്തതായും സജി പറഞ്ഞു. മുടി വെട്ടേണ്ട കാര്യം നേരത്തെ അറിയിച്ചിരുന്നേല്‍ വേണ്ട നടപടി തങ്ങള്‍ എടുത്തേനെ എന്നും, ഇത് എല്ലാം കഴിഞ്ഞശേഷമാണ് വിളിച്ചതെന്നും, യാതൊരു ഒത്തുതീര്‍പ്പിനില്ലെന്നും സജി കൂട്ടിച്ചേര്‍ത്തു.

ചൈല്‍ഡ് ലൈന്‍, ജില്ലാ കലക്’ര്‍, ജില്ലാ പൊലീസ് സൂപ്രണ്ട്, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായും സജി അറിയിച്ചു. അതേസമയം മുടി മുറിച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും, മുടി വളര്‍ത്തി വരരുതെന്ന് പല തവണ നിര്‍ദേശം നല്‍കിയിട്ടും യുവിന്‍ പാലിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ ഫാദര്‍ മാത്യു തുണ്ടിയില്‍ പറഞ്ഞു.

Top