മെഡിക്കല്‍ കോളേജുകളില്‍ ജീവനക്കാരുടെ ക്ഷാമം; ജൂനിയര്‍ നഴ്‌സുമാരുടെ സമരം തീര്‍പ്പാക്കാതെ സര്‍ക്കാര്‍

തിരുവനന്തപുരം: സ്‌റ്റൈപ്പന്റ് വര്‍ദ്ധനവ് ആവശ്യപ്പെട്ട് ജൂനിയര്‍ നഴ്‌സുമാര്‍ നടത്തിവരുന്ന അനിശ്ചിതകാല സമരത്തില്‍ പരിഹാരം കണ്ടെത്താതെ സര്‍ക്കാര്‍. ഒന്നര വര്‍ഷത്തില്‍ അധികമായി സ്‌റ്റൈപ്പന്റ് വര്‍ദ്ധനവ് ആവശ്യപ്പെട്ട് ജൂനിയര്‍ നഴ്‌സുമാര്‍ രംഗത്തെത്തിയിരുന്നു. നിലവില്‍ 5 മാസത്തിലധികമായി കോവിഡ് ഡ്യൂട്ടി ഉള്‍പ്പെടെ ചെയ്തു വരികയാണ് ഇവര്‍. എങ്കിലും പ്രതിദിനം ഇവര്‍ക്ക് ലഭിക്കുന്നത് കേവലം 450 രൂപ മാത്രമാണ്.

സമരം മൂന്നു ദിവസം പിന്നിടുമ്പോഴും സ്‌റ്റൈപ്പന്റ് വര്‍ദ്ധനവ് എന്ന ആവശ്യം ഇതു വരെ സര്‍ക്കാര്‍ അംഗീകരിച്ചതുമില്ല. നിലവില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ കോവിഡ് ചികിത്സാ ഉള്‍പ്പെടെ നല്‍കി വരുന്നു. മെഡിക്കല്‍ കോളേജുകളില്‍ കോവിഡ് ഏരിയകളിലും കോവിഡ് ഇതര ഏരിയകളിലും സ്റ്റാഫ് നഴ്‌സുമാരുടെ അതേ ഡ്യൂട്ടി ഷിഫ്റ്റില്‍ ജോലി ചെയ്തു വരുന്ന ജൂനിയര്‍ നഴ്‌സുമാര്‍ ഒന്നടങ്കം ഡ്യൂട്ടിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് സ്റ്റാഫ് നഴ്‌സുമാര്‍ക്ക് ജോലി ഭാരം കൂട്ടുകയും, രോഗി -നേഴ്‌സ് അനുപാതത്തെ ബാധിക്കുകയും ചെയ്തിട്ടുണ്ട്.

മാത്രമല്ല കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഓരോ മെഡിക്കല്‍ കോളേജുകളില്‍ നിന്നും അറുപതില്പരം നഴ്‌സുമാര്‍ ഡ്യൂട്ടിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് കോവിഡ് പ്രതിരോധത്തെയും ബാധിക്കുന്നുണ്ട്. കോവിഡ് ചികിത്സാ പ്രതിരോധത്തെ ബാധിച്ചതിനാല്‍ ജൂനിയര്‍ നഴ്‌സുമാരുടെ സ്‌റ്റൈപ്പന്റ് വര്‍ധിപ്പിച്ചു സമരം ഒത്തു തീര്‍പ്പാക്കുന്നതിനു പകരം അവസാന വര്‍ഷ ബി എസ് സി നഴ്‌സിംഗ്, ജനറല്‍ നഴ്‌സിംഗ് വിദ്യാര്‍ഥികളെ തിരിച്ചു വിളിക്കാന്‍ ആണ് സര്‍ക്കാര്‍ നിര്‍ദേശം.

കേന്ദ്ര സര്‍ക്കാരിന്റെയോ, യൂണിവേഴ്‌സിറ്റിയുടെയോ അനുമതി ഇല്ലാതെ അവസാന വര്‍ഷ ബി എസ് സി നഴ്‌സിംഗ്, ജനറല്‍ നഴ്‌സിംഗ് വിദ്യാര്‍ഥികളെ തിരിച്ചു വിളിച്ച ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിനെതിരെ കേരള ബി എസ് സി നഴ്‌സിംഗ് സ്റ്റുഡന്റസ് അസോസിയേഷന്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഒന്നര വര്‍ഷത്തില്‍ അധികമായി സ്‌റ്റൈപ്പന്റ് വര്‍ദ്ധനവ് ആവശ്യപ്പെട്ടിട്ടും പരിഗണിക്കാത്തതിനാല്‍ സമരത്തിലേക്ക് ഇറക്കപ്പെട്ട ജൂനിയര്‍ നഴ്‌സുമാരുടെ സമരം എത്രയും പെട്ടെന്ന് ഒത്തു തീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജ് പാരന്റ്‌സ് അസോസിയേഷന്‍ ആരോഗ്യ മന്ത്രിക്കും കത്തയച്ചിട്ടുണ്ട്.

ഇതേ സമയം മറ്റ് കോവിഡ് ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ശമ്പളം വര്‍ധിപ്പിക്കുകയും ചെയ്തത് നഴ്‌സുമാരോടുള്ള അവഗണന ആണെന്ന് സംസ്ഥാന കമ്മിറ്റി ആരോപിച്ചു. ലോകം മുഴുക്കെ പ്രശസ്തി നേടിയ കേരളത്തിലെ നഴ്‌സുമാര്‍ക്ക് സ്വന്തം സംസ്ഥാനത്തു നിന്നു തന്നെ നേരിടുന്ന ഇത്തരം അവഗണനക്ക് മറുപടി ലഭിക്കേണ്ടതുണ്ട് എന്ന് സംസ്ഥാന സമിതി ആവശ്യപ്പെടുന്നു.

പ്രതിദിനം 450 രൂപ എന്നത് സംസ്ഥാനത്തെ ശുചീകരണ തൊഴിലാളികള്‍ മുതല്‍ ഉള്ള എല്ലാ കോവിഡ് ജീവനക്കാര്‍ക്കും ലഭിക്കുന്ന തുകയേക്കാള്‍ വളരെ താഴെയാണെന്നത് സര്‍ക്കാര്‍ സൗകര്യപൂര്‍വം മറക്കുകയാണെന്ന് സമിതി കുറ്റപ്പെടുത്തി. തുല്യ ജോലിക്ക് തുല്യ വേതനം എന്ന സംസ്ഥാന സര്‍ക്കാര്‍ നിയമം നഴ്‌സുമാര്‍ക്ക് മാത്രം ബാധകമാകാതിരിക്കുന്നത് എങ്ങിനെയാണെന്നതും നഴ്‌സുമാര്‍ക്ക് 27800 രൂപ പ്രതിമാസം നല്‍കാന്‍ കഴിയില്ലെങ്കില്‍ ഇതേ വകുപ്പില്‍ ഡിപ്ലോമ കഴിഞ്ഞു ബോണ്ട് ചെയ്യുന്ന നഴ്‌സുമാര്‍ക്ക് ഈ തുക എങ്ങനെ കിട്ടുന്നു എന്നും സര്‍ക്കാര്‍ വ്യക്തമാക്കണം എന്നും സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

Top