ഫൈസല്‍ ഫരീദ്, അദ്ദേഹം ഒരു തന്ത്രശാലിയായ കുറ്റവാളിയാണ്. ഈ വിലയിരുത്തല്‍ ദേശീയ അന്വേഷണ ഏജന്‍സികളുടെതാണ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യുന്നതോടെ, നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. നയതന്ത്ര ബാഗേജില്‍ കേരളത്തിലേയ്ക്കു സ്വര്‍ണം കടത്തിയ കേസിലെ മൂന്നാം പ്രതിയാണ് കൊടുങ്ങല്ലൂര്‍ സ്വദേശി ഫൈസല്‍ ഫരീദ്. വ്യാജ രേഖകളുടെ നിര്‍മാണം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം കള്ളക്കടത്തിലുള്ള പങ്കാളിത്തം എന്നീ കുറ്റങ്ങളാണ് ഫൈസലിനെതിരെ എന്‍ഐഎ ചുമത്തിയിരിക്കുന്നത്.
ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരം ഫൈസലിന് യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ദുബായ് പൊലീസാണ് ഇയാളെ വീട്ടു തടങ്കലില്‍ ആക്കിയിരുന്നത്. ദുബായ് റാഷിദിയയിലായിരുന്നു ഫൈസല്‍ താമസിച്ചിരുന്നത്. ആഡംബര ജിംനേഷ്യം, കാറുകളുടെ വര്‍ക് ഷോപ് എന്നിവയുടെ ഉടമ കൂടിയാണ് അദ്ദേഹം.
ഫൈസല്‍ ഫരീദ്, സിനിമാ മേഖലയില്‍ പണം മുടക്കിയതിനെ കുറിച്ചും ഇപ്പോള്‍ അന്വേഷണം നടക്കുന്നുണ്ട്. 4 മലയാളം സിനിമകള്‍ക്ക് പണം മുടക്കിയതായാണ് കണ്ടെത്തിയിരിക്കുന്നത്. അരുണ്‍ ബാലചന്ദ്രന്‍ വഴിയാണ് പണം മുടക്കിയിരിക്കുന്നത്. ഇതിന് പുറമെ മറ്റു ചില സിനിമകള്‍ക്കായും പണം മുടക്കിയോ എന്നത് സംബന്ധിച്ചും വിശദമായ പരിശോധനയാണ് അന്വേഷണ സംഘം നടത്തിവരുന്നത്. വിവാദ സ്വര്‍ണ്ണക്കടത്ത് കേസിന്റെ അന്വേഷണം സിനിമാ മേഖലയിലേക്ക് കൂടി നീണ്ടത് പല പ്രമുഖരുടെയും ഉറക്കം കെടുത്തിയിട്ടുണ്ട്. ഇതില്‍ നിര്‍മ്മാതാക്കള്‍ മാത്രമല്ല, സൂപ്പര്‍ താരങ്ങളും സംവിധായകരും വരെ ഉള്‍പ്പെടും.
എന്‍.ഐ.എ, കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ്, ഡി.ആര്‍.ഐ ഡിപ്പാര്‍ട്ട് മെന്റുകള്‍ക്ക് പുറമെ ആദായ നികുതി വകുപ്പും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്. അന്വേഷണ സംഘത്തെ സഹായിക്കാന്‍, ഐ.ബിയും റോയുമാണ് സജീവമായി രംഗത്തുള്ളത്. പല നിര്‍മ്മാതാക്കളുടെയും പിന്നില്‍, ഗള്‍ഫിലെ സാമ്പത്തിക സ്രോതസ്സാണ് ഉള്ളത്. തരുന്ന കാശിന്റെ ഉറവിടം പോലും നോക്കാതെയാണ് പല പ്രോജക്ടുകളിലും താരങ്ങളും സംവിധായകരും ഒപ്പ് വയ്ക്കുന്നത്.
സൂപ്പര്‍ താരങ്ങളുടെ കാള്‍ ഷീറ്റ് തരപ്പെടുത്താന്‍ ശേഷിയുള്ളവര്‍ക്ക് വന്‍തുകയാണ് ലഭിക്കുന്നത്. ഇങ്ങനെയാണ് വലിയ പ്രോജക്ടുകളെല്ലാം സംഭവിക്കുന്നത്. ബ്ലോഗ് എഴുതുന്ന സൂപ്പര്‍ താരത്തിന്റെ ‘വലം കൈ’ ആയ നിര്‍മ്മാതാവിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന ആവശ്യവും ഇതിനകം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഇദ്ദേഹം നിര്‍മ്മാതാവായ സൂപ്പര്‍ താരത്തിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം ലോക്ക് ഡൗണില്‍പ്പെട്ടിപ്പോള്‍ ലോക്കായി കിടക്കുകയാണ്. പ്രമുഖ സംവിധായകരും സൂപ്പര്‍ താരങ്ങളുടെ കാള്‍ ഷീറ്റ് ഉറപ്പിച്ചാണ് നിര്‍മ്മാതാക്കളെ തേടി ഇറങ്ങുന്നത്. ഇവര്‍ക്ക് പലപ്പോഴും സഹായങ്ങള്‍ ലഭിക്കുന്നതും ഗള്‍ഫില്‍ നിന്നാണ്. സിനിമാ മേഖല നഷ്ടകച്ചവടമായിട്ടും, തുടര്‍ച്ചയായി പണം മുടക്കുന്നവരെ കുറിച്ചും ഇപ്പോള്‍ കേന്ദ്ര സംഘം അന്വേഷിക്കുന്നുണ്ട്.
മലയാള സിനിമാ മേഖലയിലെ കള്ളപ്പണ ഇടപാടുകള്‍, മുന്‍പും കുപ്രസിദ്ധമാണ്. നികുതി തട്ടിപ്പുകള്‍ നടത്തുന്നവരില്‍ സൂപ്പര്‍ താരങ്ങള്‍ വരെയുണ്ട്. ആദായ നികുതി വകുപ്പിന്റെ അത്തരമൊരു റെയ്ഡിലാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആന കൊമ്പും കുടുങ്ങിയത്. മോഹന്‍ലാല്‍ പ്രതിയായ ‘ആ’ പഴയ ആനക്കൊമ്പ് കേസ് ഇപ്പോഴും ലൈവാണ്. ഈ കേസ് അട്ടിമറിക്കാന്‍ വലിയ നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. താരപ്പകിട്ടുപയോഗിച്ച് ഭരണ കേന്ദ്രങ്ങളെവരെയാണ് സ്വാധീനിക്കാന്‍ ശ്രമിക്കുന്നത്. ഒരു സാധാരണക്കാരന്റെ വീട്ടില്‍ നിന്നാണ് ആനക്കൊമ്പ് പിടിച്ചതെങ്കില്‍, അകത്ത് കിടക്കാമായിരുന്ന കേസായിരുന്നു ഇതെന്നതും നാം ഓര്‍ക്കണം.
സൂപ്പര്‍ താരങ്ങളെ സഹായിക്കാന്‍ കേന്ദ്രത്തില്‍ നിന്നുവരെയാണ് കൈകള്‍ നീളുക. ആനക്കൊമ്പ് കേസിലെ പ്രതിയാണെന്നതൊന്നും മോഹന്‍ലാലിന് പത്മഭൂഷന്‍ നല്‍കുന്നതിനും, ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കുന്നതിനും തടസ്സമായിരുന്നില്ല. മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ഇത്തരമൊരു പരിഗണനയും ലഭിക്കില്ലായിരുന്നു. സിനിമയില്‍ അഭിനയിക്കുന്നതിന് പ്രതിഫലം വാങ്ങുന്നതില്‍ സൂപ്പര്‍ താരങ്ങള്‍ പിന്തുടരുന്ന രീതിയില്‍ പോലും, നികുതിതട്ടിപ്പുണ്ടെന്നും ആക്ഷേപമുണ്ട്. 12 കോടിയാണ് മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം. ഒറ്റയടിക്ക് ഈ പണം ലഭിച്ചില്ലങ്കില്‍,സാറ്റ് ലൈറ്റ്, ഓവര്‍സീസ്, ഡിജിറ്റല്‍ എന്നിവക്ക് ലഭിക്കുന്നതിന്റെ പകുതി പണമാണ് അദ്ദേഹം ചോദിച്ചു വാങ്ങുന്നത്.
മമ്മുട്ടി 3 കോടിയും ഓവര്‍സീസ് റൈറ്റുമാണ് പ്രതിഫലം വാങ്ങുന്നത്.ദിലീപ് 3 കോടിക്കൊപ്പം വിതരണത്തിന്റെ ഒരു ഭാഗവും കരസ്ഥമാക്കും.ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, പൃഥിരാജ്, നിവിന്‍ പോളി എന്നിവരുടെ പ്രതിഫലവും ഏകദേശം മൂന്നു കോടിയാണ്. കുഞ്ചാക്കോ ബോബന്‍, സുരേഷ് ഗോപി , ജയസൂര്യ, ടൊവിനോ, ആസിഫലി എന്നിവര്‍ക്ക് ഒന്നിനും ഒന്നരയ്ക്കും ഇടയിലാണ് പ്രതിഫലം. നടിമാരില്‍ മഞ്ജു വാര്യര്‍ക്കും പാര്‍വതിക്കുമാണ് ഡിമാന്റ്. 50 ലക്ഷത്തിനും 60 ലക്ഷത്തിനും ഇടയിലാണ് ഇരുവരും വാങ്ങികൊണ്ടിരിക്കുന്നത്.
ഒരു വര്‍ഷം ഏകദേശം 150 നും 175 നും ഇടയിലാണ് മലയാളത്തിലിറങ്ങുന്ന സിനിമകള്‍. ഇതില്‍ മുപ്പതോളം സിനിമകള്‍ക്ക് മാത്രമേ മുതല്‍മുടക്ക് ലഭിക്കുകയൊള്ളു. ബഹു ഭൂരിപക്ഷത്തിനും മുതല്‍ മുടക്ക് പോലും തിരിച്ച് ലഭിക്കാറില്ലന്നതാണ് യാഥാര്‍ത്ഥ്യം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും, സിനിമാ മേഖലയിലേക്ക് ഒഴുകുന്ന പണത്തിന് ഒരു കുറവും വന്നിട്ടില്ല. കള്ളപ്പണം വെളുപ്പിക്കാന്‍ സിനിമാ വ്യവസായത്തെ മറയാക്കുന്നുവെന്ന സംശയം, ഇവിടെയാണ് ഉയരുന്നത്.
ഫൈസല്‍ ഫരീദ് സ്വര്‍ണ്ണക്കടത്തില്‍ മാത്രമല്ല, കള്ളപ്പണ ഇടപാടിലും നിര്‍ണ്ണായക കണ്ണിയാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കേരളത്തില്‍ ഹവാല പണം കൂടുതല്‍ ഒഴുകുന്നതില്‍, സിനിമാ മേഖലയും ഉള്‍പ്പെടുന്നുണ്ട്. ഇതു സംബന്ധമായി ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റും മുന്‍പ് സ്വീകരിച്ച നടപടികളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഫൈസലിനെയും അരുണ്‍ ബാലചന്ദ്രനെയും ചോദ്യം ചെയ്ത ശേഷം, സിനിമാ മേഖലയിലെ മറ്റു പ്രമുഖരെയും, അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.
പല സിനിമാ പ്രമുഖരും ഇപ്പോള്‍ തന്നെ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. വിദേശങ്ങളില്‍ നടത്തിയ താരനിശകളെ കുറിച്ചും, ഇതിന്റെ സംഘാടകരെ കുറിച്ചും റോയും അന്വേഷണം നടത്തുന്നുണ്ട്. താരങ്ങളെ ഉപയോഗിച്ച് സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയതായ വിവരത്തെ തുടര്‍ന്നാണിത്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി വലിയ രൂപത്തിലാണ് കേരളത്തിലേക്ക് ഹവാല പണം എത്തിയിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് നടത്തിയവരിലാകട്ടെ ഫൈസല്‍ ഫരീദിനെ പോലെ വേറെയും നിരവധി പേരുണ്ട്.ഇവരുടെ വിശദാംശങ്ങളും കേന്ദ്ര സംഘമിപ്പോള്‍ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്.
Express view