അല്‍ഫാമും തന്തൂരിയും പുഴുവരിച്ച നിലയില്‍, 58 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

കണ്ണൂർ: ഭക്ഷ്യവിഷബാധയെ തുടർന്ന് കോട്ടയത്ത് യുവതി മരിച്ച പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഹോട്ടലുകളിൽ ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന തുടരുന്നു. കണ്ണൂരിൽ കോർപ്പറേഷൻ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 58 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു.

പിടിച്ചെടുത്തവയിൽ അധികവും ചിക്കൻ വിഭവങ്ങളാണ്. അൽഫാം, തന്തൂരി എന്നി ചിക്കൻ വിഭവങ്ങൾ പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്. പഴകിയ ഭക്ഷണം വിൽപ്പനയ്ക്ക് വച്ച ഹോട്ടലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞദിവസം ‘ഓപ്പറേഷൻ ഹോളിഡേ’ എന്ന പേരിൽ സംസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് 429 പരിശോധനകളാണ് നടത്തിയത്. പഴകിയ ഭക്ഷണം പിടിച്ചെടുക്കുകയും വൃത്തിഹീനമായ സാഹര്യം കണ്ടെത്തുകയും ചെയ്ത 43ഹോട്ടലുകൾ അടപ്പിച്ചു. 21 സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി. 86 കടകൾക്ക് നോട്ടീസ് നൽകിയതായും 52 കടകൾക്ക് നിലവാരം മെച്ചപ്പെടുത്താൻ നിർദേശിച്ച് നോട്ടീസ് നൽകിയതായും അധികൃതർ പറഞ്ഞു. സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപകമായി പരിശോധനകൾ നടത്താൻ ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരുന്നു.

Top