ചെന്നൈ: തെക്കന്‍ തമിഴ്‌നാട്ടില്‍ മഴ കുറഞ്ഞിട്ടും ജനജീവിതം ദുസ്സഹമാക്കി വെള്ളക്കെട്ട് തുടരുകയാണ്. തിരുനെല്‍വേലിയില്‍ മൃതദേഹം ഒഴുകി പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു . ശ്രീവൈകുണ്ഠം റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയ 500 യാത്രക്കാര്‍ക്ക് മൂന്നാം ദിനം ഭക്ഷണം എത്തിച്ചു .മുഖ്യമന്ത്രി സ്റ്റാലിന്‍ നാളെ പ്രളയമേഖല സന്ദര്‍ശിക്കും.
തിരുനെല്‍വേലിയില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയതിന് പിന്നാലെ നടുക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. .ഇന്നലെ 10 അടിയോളം വെള്ളം ഉയര്‍ന്നിരുന്ന ബസ് സ്റ്റാന്‍ഡിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.തിരുനെല്‍വേലിയിലും തൂത്തുക്കുടിയിലും മഴയ്ക്ക് ശമനമുണ്ടെങ്കിലും നിരവധി വീടുകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ് .തൂത്തുക്കുടി ശ്രീവൈകുണ്ഠം സ്റ്റേഷനില്‍ ഞായറാഴ്ത രാത്രി 9ന് കുടുങ്ങിയ തിരുച്ചെന്തൂര്‍ എക്‌സ്പ്രസിലെ 500 യാത്രക്കാര്‍ക്ക് 37 മണിക്കൂറിന് ശേഷം ഭക്ഷണവും വെള്ളവും നല്‍കി. വ്യോമസേന ഹെലിക്കോപ്റ്ററിലെത്തിയ സംഘമാണ് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്.ഗര്‍ഭിണിയും ഒന്നര വസസ്സുള്ള കുഞ്ഞു അടക്കം അവശനിലയിലായിരുന്ന 4 പേരെ രക്ഷപ്പെടുത്തി മധുരയിലെ ആശുപത്രിയിലേക്ക് മാറ്റി.
ദേശീയ ദുരന്ത നിവാരണ സേന മറ്റ് യാത്രക്കാരെ പുറത്തെത്തിച്ച ശേഷം ബസുകളില്‍ 33 കിലോമീറ്റര്‍ അകലെയുള്ള റെിയല്‍വേ സ്റ്റേഷനിലേക്ക് മാറ്റുകയും പിന്നീട് പ്രത്യേക ട്രെയിനില്‍ ചെന്നൈയിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്ന നിലയിലാണ് ക്രമീകരണം . വിരുദുനഗര്‍ ,ശിവഗംഗ , രാമവനാഥപുരം , മധുര , തേനി ജില്ലകളില്‍ മഴ കനത്തതോടെ താഴ്‌നന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.ഇന്ത്യ മുന്നണി യോഗത്തിനായുള്ള ദില്ലി സന്ദര്‍ശനം ബിജെപി വിവാദമാക്കിയതിന് പിന്നാലെ , പ്രളയമേഖലകളില്‍ നാളെ നേരിട്ടെത്തുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു.കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് വൈകി നല്‍കുകയും പ്രവചനം പാളുകയും ചെയ്തതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി .